18 August, 2025 10:58:03 AM


വീപ്പക്കുള്ളിൽ അഴുകിയ നിലയിൽ യുവാവിന്റെ മൃതദേഹം; ഭാര്യയെയും മക്കളെയും കാണാനില്ല



ജയ്പൂര്‍: ആള്‍വാറില്‍ യുവാവിന്റെ അഴുകിയ മൃതദേഹം വീപ്പയ്ക്കുള്ളില്‍ കണ്ടെത്തി. തിജാര ജില്ലയിലെ ആദര്‍ശ് കോളനിയിലാണ് സംഭവം. ഞായറാഴ്ച ഇവിടെ വാടയ്ക്ക് താമസിച്ചിരുന്നയാളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്ത് തന്നെ താമസിക്കുന്ന വീട്ടുടമ നല്‍കിയ വിവരപ്രകാരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ഉത്തര്‍പ്രദേശ് സ്വദേശിയായ ഹന്‍സ്‌രാജ് എന്ന യുവാവിന്റെ മൃതദേഹമാണ് വീപ്പയ്ക്കുള്ളില്‍ കണ്ടെത്തിയത്. ഒരു ഇഷ്ടിക കളത്തിലെ ജോലിക്കാരനായിരുന്നു. ഒന്നരമാസം മുന്‍പാണ് ഹന്‍സ്‌രാജ് ഇവിടെ താമസിക്കാനെത്തിയത്. ഹന്‍സ്‌രാജിനൊപ്പമുണ്ടായിരുന്ന ഭാര്യയെയും മൂന്ന് മക്കളെയും കാണാനില്ല. ഇവരെ കണ്ടെത്തുന്നതിനായുള്ള പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. 

വീടിന്റെ ഒന്നാം നിലയിലേക്ക് മറ്റ് ചില ആവശ്യങ്ങള്‍ക്കായി വീട്ടുടമ എത്തിയപ്പോള്‍ കടുത്ത ദുര്‍ഗന്ധം അനുഭവപ്പെടുകയായിരുന്നു. ഇതോടെ പ്രായമായ സ്ത്രീ പൊലീസിനെ വിളിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ടെറസിലായിരുന്നു വീപ്പയുണ്ടായിരുന്നത്. വീപ്പ അടച്ച് അതിന് മുകളില്‍ വലിയൊരു കല്ല് കയറ്റിവെച്ചിരുന്നു. ദുര്‍ഗന്ധം പുറത്തേക്ക് വമിക്കുന്നത് തടയാനായിരുന്നിരിക്കാം ഇതെന്ന് പൊലീസ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K