08 February, 2022 11:24:29 AM


മീഡിയാവൺ ഹർജി ഹൈക്കോടതി തള്ളി; സംപ്രേഷണ വിലക്ക് പ്രാബല്യത്തിൽ



കൊച്ചി: മീഡിയാ വണ്ണിന് എതിരെ പുറപ്പെടുവിച്ച സംപ്രേഷണ വിലക്ക് പ്രാബല്യത്തിൽ. വിലക്കിനെതിരെ മീഡിയാ വണ്‍ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കേന്ദ്ര സർക്കാർ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് വിലക്ക്. റിപ്പോർട്ടിൽ നൽകിയിരിക്കുന്ന  വിശദാംശങ്ങൾ ഗുരുതരമെന്നും കോടതി നിരീക്ഷിച്ചു. 

തങ്ങളുടെ ഭാഗം കേൾക്കാതെയാണ് കേന്ദ്ര നടപടി എന്നായിരുന്നു ഹര്‍ജിയിലെ വാദം. എന്നാൽ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടന് സംപ്രേഷണം തടഞ്ഞതെന്നും കോടതി ഇതിൽ ഇടപെടരുത് എന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട രേഖകൾ കേന്ദ്ര സർക്കാർ മുദ്രവച്ച കവറിൽ കൈമാറി. ചാനലിലെ ജീവനക്കാരും, കേരള പത്രവർത്തക യൂണിയനും കേസിൽ കക്ഷി ചേരുന്നതിനെ കേന്ദ്ര സർക്കാർ എതിർത്തു.

വാർത്താവിനിമയ മന്ത്രാലയവും സ്ഥാപനവും തമ്മിലുള്ള കേസിൽ ജീവനക്കാർക്ക് കക്ഷി ചേരാനാകില്ലെന്നായിരുന്നു കേന്ദ്ര നിലപാട്. സുരക്ഷാ അനുമതിയുമായി ബന്ധപ്പെട്ട മാർഗരേഖകൾ കാലാകാലങ്ങളിൽ പുനഃപരിശോധിക്കാറുണ്ടെന്നും ഇതനുസരിച്ച് മാത്രമേ തീരുമാനമെടുക്കാനാകൂ എന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K