08 February, 2022 07:54:40 PM


ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെ ഇന്നും രക്ഷിക്കാനായില്ല; നാളെ വ്യോമസേന എത്തും



പാലക്കാട്:  പാറക്കെട്ടിൽ കുടുങ്ങിയ മലമ്പുഴ  ചെറാട് സ്വദേശി ആര്‍ ബാബുവിനെ 30 മണിക്കൂര്‍ പിന്നിട്ടിട്ടും രക്ഷപ്പെടുത്താനായില്ല. ഇന്നത്തെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു. കോസ്റ്റ് ഗാർഡിന്‍റെ ഹെലികോപ്റ്റർ പാറക്കെട്ടിന് സമീപം എത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം മടങ്ങി. രക്ഷാദൗത്യത്തിൽ ‍കരസേനയും വ്യോമസേനയും പങ്കെടുക്കും. 

സുഹൃത്തുക്കള്‍ക്കൊപ്പം മല കയറിയ ബാബു തിരിച്ചിറങ്ങുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. ബാംഗ്ലൂരില്‍ നിന്നാണ് വ്യോമസേനാ പാരാ കമാന്റോകള്‍ എത്തുന്നത്. അവരെ വ്യോമ മാര്‍ഗം സുലൂരില്‍ എത്തിക്കും.  അവിടെ നിന്ന് റോഡ് മാര്‍ഗം  മലമ്പുഴയിലെത്തും. നാവിക സേനയും നാളെ രക്ഷാപ്രവർത്തനം നടത്തും. 

ചെങ്കുത്തായ കൂർമ്പാച്ചി മലയിലാണ് യുവാവ് കുടുങ്ങിയത്. യുവാവിനെ ഹെലികോപ്ടർ ഉപയോഗിച്ച് താഴെയിറക്കാൻ നീക്കം നടത്തിയെങ്കിലും ഫലം കണ്ടില്ല. കോസ്റ്റ് ഗാർഡിൻ്റെ ഹെലികോപ്റ്റർ മലയിലേക്ക് എത്തിയെങ്കിലും ശക്തമായ കാറ്റ് മൂലം യുവാവിന് അരികിലേക്ക് എത്താനോ നിയന്ത്രിച്ചുനിർത്താനോ സാധിച്ചില്ല.

ബാബു  ഇന്നലെയാണ് മലയിലെ പാറയിടുക്കിൽ കുടുങ്ങിയത്. ഇയാളും 2 സുഹൃത്തുക്കളും മലയിലേക്ക് ഇന്നലെ രാവിലെയാണ് കയറിയത്. സുഹൃത്തുക്കൾ തിരിച്ചു ഇറങ്ങുകയും ഇയാൾ മലയിൽ കുടുങ്ങുകയും ആയിരുന്നു.  ഇയാളെ രക്ഷിക്കാൻ കൂട്ടുകാരും ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ ഇവർ മലയിറിങ്ങി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K