09 February, 2022 12:08:49 PM


കരസേനാ ഉദ്യോഗസ്ഥർക്ക് ചുംബനം; ഉമ്മയുമായി ഫോണില്‍ സംസാരിച്ച് ബാബു



പാലക്കാട്: മലമ്പുഴയില്‍ സമാനതകള്‍ ഇല്ലാത്ത രക്ഷാദൗത്യത്തിനാണ് കേരളം കഴിഞ്ഞ ഏതാനും മണിക്കൂറുകളില്‍ സാക്ഷിയായത്. 46 മണിക്കൂറിന് ശേഷമാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. രണ്ട് സൈനികരുടെ സാഹസികമായ ശ്രമമാണ് വിജയിച്ചത്. ചെങ്കുത്തായ മലനിയിലെ ദൗത്യം കനത്ത വെല്ലുവിളി നേരിട്ടിരുന്നു. കരസേന ഉദ്യോഗസ്ഥരോട് ബാബു നന്ദി പറയുകയും ചുംബനം നൽകുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. കാലിലേറ്റ ചെറിയ മുറിവ് ഒഴിച്ചാല്‍ ബാബുവിന് കാര്യമായ ആര്യോഗ്യപ്രശ്നങ്ങളില്ല എന്നാണ് വിവരം. മലമുകളിലെത്തിയ ശേഷം അമ്മയുമായി ബാബു ഫോണില്‍ സംസാരിച്ചു.


അരയില്‍ കയര്‍ ബെല്‍റ്റിട്ട് കുടുക്കിയാണ് ബാബുവിനെ മുകളിലെത്തിച്ചത്. ഹെലികോപ്ടര്‍ ഉപയോഗിച്ച് എയര്‍ലിഫ്റ്റ് ചെയ്ത് ആശുപത്രിയില്‍ എത്തിക്കും. 20 അംഗ എന്‍ഡിആര്‍എഫ് ടീം, രണ്ട് യൂണിറ്റ് കരസേന, ഫയര്‍ഫോഴ്‌സ് എന്നിവരാണ് ബാബുവിന്‍റെ രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കിയത്. ബാബുവിനെ രക്ഷിച്ച ഇന്ത്യൻ സൈന്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നന്ദി അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഇന്ത്യൻ സേനയുടെ മദ്രാസ് റെജിമെൻ്റിലെ സൈനികർ, പാരാ റെജിമെന്‍റ് സെന്‍ററിലെ സൈനികർ, രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച ദക്ഷിണ ഭാരത ഏരിയ ജി ഒ സി ലഫ്റ്റനന്‍റ് ജനറൽ അരുൺ തുടങ്ങി അവസരോചിതമായ ഇടപെടലുകളിലൂടെ സഹായം നൽകിയ എല്ലാവർക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു.


മൂന്ന് സുഹൃത്തുക്കളോടൊപ്പം തിങ്കളാഴ്ചയാണ് ബാബു മലകയറിയത്. ഒരു കിലോമീറ്റര്‍ ഉയരമുള്ള മലയുടെ മുകളിലെത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ കയറുന്നതിനിടയില്‍ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ വിശ്രമിച്ച സമയം ബാബു കുറച്ചുകൂടി ഉയരത്തിലേക്ക് പോയി. അവിടെ നിന്ന് കൂട്ടുകാരുടെ അടുത്തേക്ക് ഇറങ്ങുമ്പോള്‍ കാല്‍ വഴുതി കുത്തനെയുള്ള മലയിലൂടെ താഴേക്ക് വീണ് പാറയിടുക്കില്‍ കുടുങ്ങി. കാലിന് ചെറിയ പരിക്കേറ്റു. തിരിച്ചെത്തിയ കൂട്ടുകാരാണ് ബാബു കുടുങ്ങിയ കാര്യം അറിയിക്കുന്നത്. കൈയില്‍ ഫോണുണ്ടായത് ബാബുവിന് തുണയായി. കൂട്ടുകാര്‍ക്കും പൊലീസിനും ബാബു കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ എടുത്ത് അയച്ചു നല്‍കി സഹായമഭ്യര്‍ത്ഥിച്ചു. തുടര്‍ന്നാണ്, കേരളത്തില്‍ ഒരാള്‍ക്കായി നടക്കുന്ന ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ് മലമ്പുഴയില്‍ നടന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K