10 February, 2022 09:51:14 PM


സുകുമാരക്കുറുപ്പ് ഹരിദ്വാറിൽ? ; അന്വേഷണം വീണ്ടും ഊർജിതമാക്കി ക്രൈംബ്രാഞ്ച്



ആലപ്പുഴ: പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിനെ കണ്ടതായുള്ള സംശയത്തെ തുടർന്ന് ക്രൈംബ്രാഞ്ച് സംഘം വീണ്ടും അന്വേഷണം ഊർജിതമാക്കി. പത്തനംതിട്ടയിലെ ബിവറേജസ് ഷോപ്പ് മാനേജറായ റെൻസി ഇസ്മയിൽ നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷണം ആരംഭിച്ചത്.

വർഷങ്ങൾക്ക് മുമ്പ് ഗുജറാത്തിൽ വെച്ചും അടുത്തിടെ ഹരിദ്വാറിൽ നിന്നുള്ള ഒരു ട്രാവൽ വ്ളോഗിലും കണ്ടത് സുകുമാരക്കുറുപ്പാണെന്നാണ് റെൻസി സംശയിക്കുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് ഇദ്ദേഹത്തിന്റെ മൊഴിയെടുത്ത് അന്വേഷണം നടത്തുന്നത്. സുകുമാരക്കുറുപ്പാണെന്ന് സംശയിക്കുന്ന കാഷായവേഷം ധരിച്ച സ്വാമിയെ കണ്ടതിനെക്കുറിച്ചും സംശയങ്ങൾ തോന്നാനിടയായ സാഹചര്യങ്ങളെക്കുറിച്ചും റെൻസി മൊഴി നൽകി

നേരത്തെ ഗുജറാത്തിൽവെച്ച് കണ്ടത് സുകുമാരക്കുറുപ്പാണെന്ന സംശയം റെൻസി പോലീസിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നെങ്കിലും കാര്യമായ ഫലമുണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ ഡിസംബറിൽ ഹരിദ്വാറിൽനിന്നുള്ള വീഡിയോയിൽ ഇതേയാളെ വീണ്ടും കണ്ടതോടെയാണ് റെൻസി തന്റെ സംശയങ്ങൾ ചൂണ്ടിക്കാട്ടി വീണ്ടും മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ചാക്കോ വധക്കേസിൽ 1984 ജനുവരി 21-ന് മാവേലിക്കര പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന കേസ് ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂണിറ്റാണ് ഇപ്പോൾ അന്വേഷിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K