13 March, 2022 06:11:00 PM


സ്കൂളിൽ പഠിക്കുമ്പോള്‍ ശിക്ഷിച്ച അധ്യാപകനെ വർഷങ്ങൾക്ക് ശേഷം സോഡാകുപ്പികൊണ്ട് തലയ്ക്കടിച്ചു

 

പാലക്കാട്: സ്കൂളിൽ പഠിക്കുന്ന കാലത്ത് ശിക്ഷിച്ച അധ്യാപകനെ വർഷങ്ങൾക്ക് ശേഷം സോഡാകുപ്പികൊണ്ട് തലയ്ക്കടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പാലക്കാട് മണ്ണാർക്കാട് അലനല്ലൂരിലാണ് സംഭവം. സംഭവത്തില്‍ പ്രതിയായ കൂമന്‍ചിറ നിസാറിനെ നാട്ടുകല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈസ്കൂളില്‍ പഠിയ്ക്കുന്ന കാലത്ത് അധ്യാപകന്‍ ശിക്ഷിച്ചതിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. 

പരിക്കേറ്റ അധ്യാപകന്‍ ചികിത്സയിലാണ്. അലനല്ലൂര്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപകന്‍ കെ എ അബ്ദുള്‍ മനാഫിനാണ് മര്‍ദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ അബ്ദുൾ മനാഫ് അലനല്ലൂര്‍ ചന്തപ്പടിയില്‍ നില്‍ക്കുമ്പോള്‍ അവിടേക്ക് എത്തിയ നിസാർ സോഡാകുപ്പികൊണ്ട് തലയ്ക്കടിയ്ക്കുകയായിരുന്നു. തലയ്ക്കടിയേറ്റ് മനാഫ് നിലത്തുവീണു. കണ്ടുനിന്നവര്‍ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഒരു പ്രകോപനവുമില്ലാതെയാണ് തന്നെ മര്‍ദിച്ചതെന്ന് മനാഫ് പറഞ്ഞു. നിസാറിനെതിരെ വധശ്രമത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K