19 April, 2022 02:57:02 PM


'ഞങ്ങളും കൃഷിയിലേക്ക്': അഖില കേരള ലേഖന രചനാ മത്സരവുമായി കുറവിലങ്ങാട് കൃഷിഭവൻ



കോട്ടയം: കുറവിലങ്ങാട് ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംസ്ഥാന തലത്തില്‍ കൃഷി അടിസ്ഥാനമാക്കി ലേഖന രചനാമത്സരം സംഘടിപ്പിക്കുന്നു. പഞ്ചായത്ത് നടപ്പിലാക്കുന്ന കൃഷി വൈവിധ്യ പാക്കേജിന്റെയും സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന പരിപാടിയില്‍ ഉള്‍പ്പെട്ട 'ഞങ്ങളും കൃഷിയിലേക്ക്'  എന്ന പദ്ധതിയുടെയും മുന്നൊരുക്കമായാണ് മത്സരം നടത്തുന്നത്. 'ഓരോ കേരളീയ ഭവനവും വിഷ രഹിത ഭക്ഷണത്തില്‍ പങ്കാളിയാവുക' എന്നതാണ് ലേഖന വിഷയം. പ്രായഭേദമന്യേ ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.

എ ഫോര്‍ വലിപ്പത്തിലുള്ള കടലാസില്‍ 5 പേജില്‍ കവിയാതെ എഴുതിയതായിരിക്കണം ലേഖനം. സ്വന്തം പേരും മേല്‍വിലാസവും ഫോണ്‍ നമ്പരും പ്രത്യേകം കടലാസില്‍ എഴുതി വയ്ക്കണം. വാര്‍ഡ് മെമ്പറുടെ പരിചയപ്പെടുത്തല്‍ കത്തും രചനയോടൊപ്പം സമര്‍പ്പിക്കണം. ഒന്നും, രണ്ടും, മൂന്നും സമ്മാനങ്ങളും 5 പ്രോത്സാഹന സമ്മാനങ്ങളുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സമ്മാനാര്‍ഹര്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കും.  പഞ്ചായത്തിലെ ഉത്തമ കര്‍ഷക ശ്രേണീ കുടുംബങ്ങളാണ് അവാര്‍ഡ് തുക നല്‍കുന്നത്. കണ്‍വീനര്‍, ലേഖന രചനാ മത്സരം, കുറവിലങ്ങാട് കൃഷി ഭവന്‍, കോഴാ പി.ഒ., കോട്ടയം - 686633 എന്ന മേല്‍വിലാസത്തില്‍ മെയ് 25ന് മുമ്പായി ലഭിക്കത്തക്ക വിധത്തില്‍ ലേഖനങ്ങള്‍ അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 8078292069 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, കൃഷി ഓഫീസര്‍ പാര്‍വ്വതി ആര്‍ എന്നിവര്‍ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K