27 April, 2022 08:16:16 PM


മോട്ടോർ വാഹന വകുപ്പ് പൂട്ടിട്ടു: പാലക്കാട്‌ ജില്ലയിലെ ആദ്യ സ്വകാര്യ സിഎൻജി ബസ് സർവ്വീസ് നിർത്തി

കണ്ടക്ടറില്ലാതെ ബസ്സ് സർവ്വീസ് നടത്താൻ നിയമമില്ലെന്ന് മോട്ടോർ വാഹന വകുപ്പ്



പാലക്കാട്‌ : കണ്ടക്ടറും ക്ലീനറുമില്ലാതെ ഞായറാഴ്ച മുതൽ സർവ്വീസ് നടത്തിവന്ന ജില്ലയിലെ ആദ്യ സി എൻ ജി ബസ് മോട്ടോർ വാഹന വകുപ്പിൻ്റെ നിർദ്ദേശത്തെ തുടർന്ന് സർവ്വീസ് നിർത്തിവച്ചു. ബുധനാഴ്ച രണ്ട് ട്രിപ്പ് കഴിഞ്ഞതിന് ശേഷമാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ സർവ്വീസ്‌ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടത്.

കണ്ടക്ടറെ നിയമിച്ചതിന് ശേഷമേ സർവ്വീസ് നടത്താവൂ എന്ന നിർദ്ദേശത്തെ  തുടർന്ന് ബസ്സുടമ തോമസ് മാത്യു താല്കാലികമായി ബസ്സ് സർവ്വീസ് നിർത്തിവയ്ക്കുകയായിരുന്നു. വടക്കഞ്ചേരിയിലെ കാടൻകാവിൽ ഗ്രൂപ്പാണ് കണ്ടക്ടറില്ലാതെ ഇത്തരത്തിൽ ഒരു പരീക്ഷണം നടത്തിയത്.
ബസ്സിനുള്ളിൽ സ്ഥാപിച്ച പെട്ടിക്കകത്ത് യാത്രക്കാർ സ്വമേധയാ പണം നിക്ഷേപിക്കുന്ന സംവിധാനമായിരുന്നു ഏർപ്പെടുത്തിയിരുന്നത്.

വടക്കഞ്ചേരിയിൽ നിന്നും നെല്ലിയാമ്പാടം, തെന്നിലാപുരം, ഇരട്ടക്കുളം വഴി ആലത്തുരിലേക്കായിരുന്നു ബസ് സർവ്വീസ് നടത്തിയിരുന്നത്. സർവീസ് നടത്തിയ രണ്ട് ദിവസവും നല്ല കളക്ഷൻ ലഭിച്ചിരുന്നതായി ബസ്സുടമ പറഞ്ഞു. കണ്ടക്ടറും, ക്ലീനറുമില്ലാതെ ഗ്യാസ് ഇന്ധനമായി ഉപയോഗിച്ച് സർവ്വീസ് നടത്തുന്ന ബസ്സിന് വൻ പ്രചാരണം ലഭിച്ചതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പിൻ്റെ നടപടി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K