31 May, 2022 04:20:01 PM


ജോര്‍ജിന് കെണിയൊരുക്കാന്‍ പോലീസ്; തൃക്കാക്കര പ്രസംഗങ്ങള്‍ ഇഴകീറി പരിശോധിക്കുന്നു



കൊച്ചി: തൃക്കാക്കര മണ്ഡലത്തില്‍ പിസി ജോര്‍ജ് നടത്തിയ പ്രസംഗങ്ങളും പ്രതികരണങ്ങളും പോലീസ് പരിശോധിക്കുന്നു. ഹൈക്കോടതി മുന്നോട്ടുവച്ച ജാമ്യവ്യവസ്ഥയുടെ ലംഘനമുണ്ടോ എന്നറിയാനാണ് പരിശോധന. ബിജെപി പരിപാടികളിലെ പ്രസംഗം, മാധ്യമങ്ങളോടുള്ള പ്രതികരണം എന്നിവയെല്ലാം പരിശോധിച്ചുവരികയാണ്. കൊട്ടികലാശമടക്കം ബിജെപിയുടെ ഒട്ടേറെ പരിപാടികളില്‍ കഴിഞ്ഞ ദിവസം പിസി ജോര്‍ജ് പങ്കെടുത്തിരുന്നു.

തിരുവനന്തപുരം ഹിന്ദു സമ്മേളനത്തില്‍ മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിയ കേസില്‍ പിസി ജോര്‍ജ് ജാമ്യത്തിലാണ്. കടുത്ത ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ അനുവദിച്ച ജാമ്യം ജില്ലാ കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയാണ് വീണ്ടും ജാമ്യം നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് തിരുവനന്തപുരത്തെത്താന്‍ ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നല്‍കിയിരുന്നു എങ്കിലും പിസി ജോര്‍ജ് ഹാജരായില്ല. മാത്രമല്ല, അതേ ദിവസം അദ്ദേഹം തൃക്കാക്കരയില്‍ ബിജെപിയുടെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസ് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. പിസി ജോര്‍ജിന്‍റെ ജാമ്യം റദ്ദാക്കാന്‍ പോലീസ് ആവശ്യപ്പെടും.

ഇതോടൊപ്പം പിസി ജോര്‍ജിന്‍റെ പ്രസംഗങ്ങളില്‍ വിദ്വേഷ ഭാഗങ്ങളുണ്ടെങ്കില്‍ ഹൈക്കോടതിയെ അറിയിക്കും. അതിന്‍റെ ഭാഗമായിട്ടാണ് പ്രസംഗങ്ങള്‍ പരിശോധിക്കുന്നത്. പിസി ജോര്‍ജിനെ പോലീസ് വിടാതെ പിന്തുടരുന്നുവെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. തൃക്കാക്കരയിലെ പ്രതികരണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെയായിരുന്നു പിസി ജോര്‍ജ് പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. തന്‍റെ അറസ്റ്റിന് പിന്നില്‍ മുഖ്യമന്ത്രിയാണെന്നും തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിലുള്ള കളികളാണിതെല്ലാമെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു. ചില പ്രസ്താവനകള്‍ പോലീസിനെതിരെയും ഉണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍.

തിരുവനന്തപുരത്ത് നടന്ന ഹിന്ദു സമ്മേളനത്തിലാണ് പി സി ജോര്‍ജ് ആദ്യം വിദ്വേഷ പ്രസംഗം നടത്തിയത്. ഈ കേസില്‍ അറസ്റ്റ് ചെയ്യുകയും കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. എന്നാല്‍ എറണാകുളം വെണ്ണല ക്ഷേത്രത്തില്‍ വീണ്ടും വിദ്വേഷ പ്രസംഗം നടത്തി എന്നാണ് ആരോപണം. തുടര്‍ന്ന് തിരുവനന്തപുരം കോടതി ജാമ്യം റദ്ദാക്കുകയായിരുന്നു. ഇതിനെതിരെ പിസി ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചു. ഈ സാഹചര്യത്തിലാണ് പോലീസ് പിസി ജോര്‍ജിനെതിരെ വീണ്ടും കോടതിയെ സമീപക്കാന്‍ ഒരുങ്ങുന്നത്. പിസി ജോര്‍ജിനെതിരെ നടക്കുന്ന നീക്കങ്ങള്‍ ആസൂത്രിതമാണ് എന്ന അഭിപ്രായമാണ് ബിജെപി നേതാക്കള്‍ പങ്കുവച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K