17 June, 2022 01:06:43 PM


സിപിഎം നേതാവിന്‍റെ വീട്ടിൽ നിന്ന് 2.8 ടൺ റേഷനരി പിടികൂടിയ സംഭവം: റിപ്പോർട്ട് സമർപ്പിക്കും



പാലക്കാട്‌: വാളയാറിൽ ഡിവൈഎഫ്ഐ മുൻ മേഖലാ പ്രസിഡണ്ടിന്‍റെ വീട്ടിൽ നിന്നും അനധികൃത വില്പനയ്ക്കെത്തിച്ച തമിഴ്നാട് റേഷനരി പിടികൂടിയ സംഭവത്തിൽ പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസർ ഇന്ന് റിപ്പോർട്ട് നൽകും. ഡിവൈഎഫ്ഐ വാളയാർ മുൻ മേഖലാ പ്രസിഡണ്ടും സി.പി.എം. വാളയാർ ബ്രാഞ്ച് കമ്മറ്റിയംഗവുമായ ഷെമീറിന്‍റെ വീട്ടിൽ നിന്നുമാണ് കഴിഞ്ഞ ദിവസം 2,815 കിലോ തമിഴ്നാട് റേഷനരി പിടികൂടിയത്.

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ വാളയാർ എസ്.ഐ. രാജേഷിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഷെമീറിന്‍റെ വീടിന് മുന്നിലെ ഷെഡിൽ സൂക്ഷിച്ച 56 ചാക്ക് തമിഴ്നാട് റേഷനരി പിടികൂടിത്. പിടിച്ചെടുത്ത അരി തുടർനടപടികൾക്കായി സപ്ലൈ വകുപ്പിന് കൈമാറിയിരുന്നു. സംഭവത്തിൽ ജില്ലാ കളക്ടറാണ് നടപടി സ്വീകരിക്കേണ്ടത്. ഇതിനായി പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസർ റിപ്പോർട്ട് സമർപ്പിയ്ക്കും. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടാവുക.

ഷെമീറിന്‍റെ പിതാവ് റസാഖാണ് തമിഴ്നാട്ടിൽ നിന്നും റേഷനരി എത്തിച്ചതെന്ന് ഷെമീർ പൊലീസിനോട് പറഞ്ഞു. റസാഖിനെതിരെ അവശ്യസാധന നിയമപ്രകാരം കേസെടുക്കും. കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന തമിഴ്നാട് റേഷനരി കളർ ചേർത്ത് വിലകൂട്ടി വിൽക്കാനാണ് വൻതോതിൽ സംഭരിച്ച് വെച്ചത്. ട്രെയിനിലൂടെയും, അതിർത്തിയിലെ ഊടുവഴികളിലൂടെയുമാണ് തമിഴ്നാട്ടിൽ നിന്നും അരി കടത്തുന്നത്.

കുറഞ്ഞ വിലക്ക് തമിഴ്നാട് റേഷനരി വാങ്ങി കേരളത്തിലെത്തിച്ച് മുപ്പത് മുതൽ നാല്പത് രൂപയ്ക്കാണ് വില്പന നടത്തുന്നത്. തമിഴ്നാട്ടിൽ നിന്നും റേഷനരിയെത്തിച്ച് പോളിഷ് ചെയ്ത് പ്രത്യേക ബ്രാൻഡിൽ വിപണിയിലിറക്കി വിൽപ്പന നടത്തിയാണ് ഇവർ കൊള്ളലാഭം കൊയ്യുന്നത്. തമിഴ്നാട്ടിൽ നിന്നും റേഷനരി കടത്തുമ്പോൾ പരിശോധനയിൽ നിന്നും രക്ഷപ്പെടാൻ ഓരോ സ്ഥലത്തും സഹായികളെ നിയോഗിക്കും. ഇവർ പൊലീസ് പരിശോധന സംബന്ധിച്ച വിവരങ്ങൾ കൈമാറും. അതുകൊണ്ട് പലപ്പോഴും അരി കടത്ത് പിടികൂടാൻ കഴിയാറില്ലെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ കുറേ വർഷങ്ങളായി തമിഴ്നാട് റേഷനരി കടത്ത് വ്യാപകമാണ്. പരാതികൾ വ്യാപകമാവുമ്പോഴാണ് സപ്ലൈകോ പരിശോധന നടത്തുക.  ഇത്തരത്തിൽ ടൺ കണക്കിന് തമിഴ്നാട് റേഷനരിയാണ് പിടികൂടിയിട്ടുള്ളത്. ഇതിനിടെ തമിഴ്നാട് റേഷനരിയുമായി  കേരളത്തിലേക്ക് കടക്കാൻ ശ്രമിച്ച രണ്ടു പേരെ പൊള്ളാച്ചിയില്‍ അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശികളായ സുജിത്, സഞ്ജീവ് എന്നിവരെയാണ് തമിഴ്നാട് പൊലീസ് പൊള്ളാച്ചിയിൽ അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ച വാനിൽ നിന്നും 1,500 കിലോ തമിഴ്നാട് റേഷനരിയാണ് പിടികൂടിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K