20 June, 2022 02:18:29 PM


10 അടി ഉയരത്തിൽ നിന്ന് ഓട്ടോറിക്ഷ താഴോട്ട് മറിഞ്ഞു; അഞ്ചു പേര്‍ക്ക് പരിക്ക്



കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു കുടുംബത്തിലെ നാലു പേർ ഉൾപ്പെടെ അഞ്ചു പേർക്ക് ഗുരുതര പരിക്ക്. ഉപ്പള പത്വാടിയിലാണ് അപകടം. 10 അടി ഉയരത്തിൽ നിന്നാണ് ഓട്ടോ മറിഞ്ഞത്. പത്വാടി സ്വദേശികളായ അബ്ദുൽ ലത്തീഫ് , ഭാര്യ സുഹറ , മക്കളായ ലുബ്ന (എട്ട്), അബ്ദുൽ ബഷീർ (ആറ്), ഓട്ടോ ഡ്രൈവർ ഉപ്പള പചിലമ്പാറയിലെ നഹീം എന്നിവർക്കാണ് പരിക്കേറ്റത്.


താഴെ ഒരു കാര്‍ പാര്‍ക്ക് ചെയ്തിട്ടുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് കാറിന് മുകളില്‍ വീഴാതെ ഓട്ടോ നിലംപൊത്തിയത്. ഓടികൂടിയ നാട്ടുകാര്‍ ഓട്ടോറിക്ഷ മറിച്ചിട്ടാണ് യാത്രക്കാരെ രക്ഷപെടുത്തിയത്. പരിക്കേറ്റവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K