20 July, 2022 08:48:14 PM


ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ അധ്യാപികയ്ക്കും കാമുകനും ജീവപര്യന്തം തടവ്



ചെന്നൈ: ചെന്നൈയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ട്യൂഷന്‍ അധ്യാപികയ്ക്കും കാമുകനും ജീവപര്യന്തം തടവ്. പോക്സോ സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ചെന്നൈയിലെ ടി നഗറിലുള്ള ട്യൂഷൻ അധ്യാപികയായ 29 കാരിയും കാമുകനും ഇരയെ ഈസ്റ്റ് കോസ്റ്റ് റോഡിലെ (ഇസിആര്‍) റിസോര്‍ട്ടില്‍ എത്തിച്ചാണ് ലൈംഗികമായി പീഡിപ്പിച്ചത്. റിസോര്‍ട്ടില്‍ വച്ച് യുവതിയുടെ കാമുകന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും, അധ്യാപിക വീഡിയോ പകര്‍ത്തുകയുമായിരുന്നു. 

പെണ്‍കുട്ടിയെ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഇതിന് ശേഷം ഇവര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് സംഭവം അറിഞ്ഞ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ടി നഗര്‍ ഓള്‍ വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ അധ്യാപികയെയും കാമുകനെയും കസ്റ്റഡിയിലെത്തു.

2018 ജൂലൈയില്‍ ഫയല്‍ ചെയ്ത കേസില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിധി വരാന്‍ വൈകുകയായിരുന്നു. തുടര്‍ന്ന് 2022 ജൂലൈ 19ന് ചെന്നൈയിലെ പോക്സോ സ്പെഷ്യൽ കോടതി ഈ കേസ് പരിഗണിക്കുകയായിരുന്നു. പ്രതികൾക്കു മേലുള്ള കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടതായും യുവതിയെയും കാമുകനെയും ജീവപര്യന്തം തടവിന് ശിക്ഷിക്കുന്നതായും ജഡ്ജി രാജലക്ഷ്മി വിധി പ്രഖ്യാപിച്ചു. ഇരയ്ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിയില്‍ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K