14 August, 2022 01:52:16 PM


ചൂളംവിളിയുമായി പഴയ മീറ്റർ ഗേജ് ട്രയിന്‍; ഓര്‍മ്മകള്‍ അയവിറക്കാന്‍ എത്താം പാലക്കാട്



പാലക്കാട്: ഓർമ്മകളെ ഏറെ പുറകോട്ട് കൊണ്ടുപോകുന്ന പഴയ മീറ്റർ ഗേജ് ട്രയിന്‍ കാണണമെന്ന് തോന്നിയാൽ നേരെ പാലക്കാടെത്തുക. ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി പാലക്കാട് ഡിആർഎം ഓഫീസിന് മുന്നില്‍ മീറ്റർ ഗേജ് എഞ്ചിൻ പ്രവർത്തിപ്പിച്ചു തുടങ്ങി. ഇനി മുതൽ എല്ലാ വിശേഷ ദിവസങ്ങളിലും എഞ്ചിൻ പ്രവർത്തിപ്പിക്കാനാണ് റെയിൽവേയുടെ തീരുമാനം.

1954ൽ ജർമനിയിൽ നിന്ന് ഇറക്കുമതി ചെയ്ത എഞ്ചിൻ 40 വർഷം ചൂളം വിളിച്ചോടി. 1994ൽ റിട്ടയർ ചെയ്തു. ഗുണ്ടക്കൽ ഡിവിഷനിൽ ആയിരുന്നു ആദ്യ ദൗത്യം. പിന്നാലെ നീണ്ടകാലം മൈസൂരു നഞ്ചങ്ങോട് പാതയിൽ വിനോദ സഞ്ചാരികൾക്കായി ബോഗി വലിച്ചു. ഇപ്പോൾ പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജരുടെ ഓഫീസിന് മുന്നിൽ വിശ്രമം.

2008ൽ വിരമിച്ച ബോഗി പാലക്കാടുണ്ട്. ഇടക്ക് പെയിന്‍റടിച്ച് പരിപാലിക്കും. മെക്കാനിക്കൽ ഡിപ്പാർട്മെന്‍റിന്‍റെ താത്പര്യപ്രകാരം ഒന്ന് പ്രവർത്തിപ്പിച്ച് നോക്കാൻ തീരുമാനിച്ചു. പഴയ കൂകുവിളിച്ചെത്തുന്ന ശബ്ദവും ചക്രങ്ങളുടെ കറക്കവും എല്ലാമുണ്ട്. യാത്ര മാത്രം പക്ഷേ ഇപ്പോൾ സാധ്യമാകില്ലെന്ന് മാത്രം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K