18 August, 2022 03:23:56 PM


'ഞങ്ങൾ സി.പി.എമ്മുകാര്‍': ഷാജഹാൻ കൊലക്കേസിലെ രണ്ടാം പ്രതി കോടതിയിൽ



പാലക്കാട്: തങ്ങൾ സി പി എം കാരെന്ന് പാർട്ടി ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്റെ കൊലപാതകത്തിലെ പ്രതി. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും ഞങ്ങൾ സി.പി.എമ്മുകാരെന്നും രണ്ടാം പ്രതി അനീഷ് പാലക്കാട് കോടതിയിൽ ഹാജരാക്കിയപ്പോൾ മൊഴി നൽകി. 

ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ അനീഷ്, ശബരീഷ്, സുജീഷ്, നവീൻ എന്നിവരെയാണ് പാലക്കാട്‌ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. 14 ദിവസത്തേക്കാണ് റിമാഡ്. അതേ സമയം കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതികളെ കസ്റ്റഡിയിൽ വിട്ടു കിട്ടുന്നതിന് പോലീസ് അപേക്ഷ നല്കി.

കൊലപാതകത്തിന്‍റെ മുഖ്യ സൂത്രധാരൻ കൊട്ടേക്കാട് കാളിപ്പാറ സ്വദേശി നവീൻ (28), ഷാജഹാനെ വെട്ടിവീഴ്ത്തിയ സംഘത്തിലെ കൊട്ടേക്കാട് കുന്നങ്കാട് സ്വദേശികളായ ശബരീഷ് (30), അനീഷ് (29), സുജീഷ് (27) എന്നിവരെ ബുധനാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ രാഖി കെട്ടിയതുമായും ഗണേശോത്സവത്തിന്‍റെ ഫ്ലെക്സ് ബോർഡ് വച്ചതുമായും ബന്ധപ്പെട്ട് ഈയിടെ തർക്കമുണ്ടായിരുന്നു. 14-ാം തിയതി പകല്‍ ഒന്നാം പ്രതി നവീനുമായി തർക്കമുണ്ടായെന്നും അന്നു രാത്രിയാണു കൊലപ്പെടുത്തിയതെന്നും ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് പറഞ്ഞിരുന്നു.

ഷാജഹാൻ 2019ൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായതിന് ശേഷമുള്ള പ്രവർത്തനങ്ങളിൽ പ്രതികൾക്ക് അതൃപ്തിയും വ്യക്തിവിരോധവുമുണ്ടായിരുന്നു. ആദ്യം അകൽച്ചയായിരുന്നെങ്കിലും പിന്നീടത് ശത്രുതയായി. ഇവർ പാർട്ടി പ്രവർത്തനത്തിൽ നിന്നുൾപ്പെടെ മാറി നിന്നതായും പോലീസ് പറഞ്ഞു. ഒന്നാം പ്രതി നവീനെ പൊള്ളാച്ചിയിൽ നിന്നും മറ്റു 3 പ്രതികളെ മലമ്പുഴ കവ വനമേഖലയോടു ചേർന്നുള്ള കോഴിമലയിലെ കുന്നിനു മുകളിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. കൊലയ്ക്ക് ഉപയോഗിച്ച 3 വാളുകൾ കോരയാർപ്പുഴയുടെ തീരത്ത് പാടത്തോടു ചേർന്ന് ഒളിപ്പിച്ച നിലയിൽ തെളിവെടുപ്പിനിടെ കണ്ടെത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K