04 September, 2022 07:54:56 PM


കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് പ്രയോജനം രണ്ട് വ്യവസായികള്‍ക്ക് മാത്രം - രാഹുല്‍ ഗാന്ധി



ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം രാജ്യത്ത് വെറുപ്പും വിദ്വേഷവും വര്‍ധിച്ചെന്ന് രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു. മോദി സര്‍ക്കാരിന്റെ നയങ്ങളുടെ പ്രയോജനം ലഭിക്കുന്നത് രണ്ട് വ്യവസായികള്‍ക്ക് മാത്രമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വന്‍കിട വ്യവസായികളുടെ പിന്തുണയില്ലാതെ മോദിക്ക് പ്രധാനമന്ത്രിയാകാന്‍ സാധിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വിലക്കയറ്റത്തിനെതിരെ ഡല്‍ഹി രാംലീല മൈതാനത്തില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഹല്ലോ ബോല്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബിജെപി അധികാരത്തിലേറിയതിന് ശേഷം രാജ്യത്ത് വെറുപ്പ് പടരുകയാണ്. ബിജെപിയും ആര്‍എസ്എസും രാജ്യത്തെ വിഭജിക്കുന്നു. ജനങ്ങളില്‍ ഭയം നിറയ്ക്കുന്നു. ഈ ഭയത്തിന്റെ പ്രയോജനം നേടുന്നതാരാണ്? അത് ദരിദ്രരായ കര്‍ഷകരാണോ? ചെറുകിട വ്യവസായികളാണോ? ഇവര്‍ക്കൊക്കെ മോദി സര്‍ക്കാരിന്റെ നയങ്ങളുടെ എന്തെങ്കിലും പ്രയോജനം ലഭിക്കുന്നുണ്ടോ? രണ്ട് വന്‍കിട വ്യവസായികള്‍ക്ക് മാത്രമാണ് കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളുടെ പ്രയോജനം ലഭിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ ഇങ്ങനെ.

രണ്ട് വന്‍കിട വ്യവസായികള്‍ക്ക് മോദി സര്‍ക്കാര്‍ എല്ലാവിധ ആനുകൂല്യങ്ങളും നല്‍കുന്നുവെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. നോട്ടുനിരോധനം പാവപ്പെട്ടവരെ സഹായിക്കാനായിരുന്നോ? കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരെ സഹായിക്കാനായിരുന്നോ? ഈ നയങ്ങളെല്ലാം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത് ഈ വന്‍കിട വ്യവസായികള്‍ക്ക് വേണ്ടിയായിരുന്നെന്ന് രാഹുല്‍ പറഞ്ഞു. എന്നാല്‍ കര്‍ഷകരുടെ കരുത്തില്‍ മോദി സര്‍ക്കാരിന് നിയമങ്ങള്‍ പിന്‍വലിക്കേണ്ടി വന്നെന്നും രാഹുല്‍ ഗാന്ധി ഓര്‍മിപ്പിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K