14 September, 2022 02:27:12 PM


തെരുവുനായ ശല്യം നിയന്ത്രിക്കാൻ ജില്ലകളിൽ നാലംഗ ഏകോപനസമിതി - മന്ത്രി എം.ബി. രാജേഷ്



തിരുവനന്തപുരം: കോവിഡ്, പ്രളയ കാലങ്ങളിലുണ്ടായ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് സമാനമായി തെരുവുനായശല്യത്തെയും നേരിടാൻ സർക്കാർ തീരുമാനം. തെരുവുനായശല്യം ഒഴിവാക്കാൻ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ ജില്ലകളിൽ ഏകോപിപ്പിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനും നാലംഗസമിതി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കളക്ടർ, മൃഗസംരക്ഷണവകുപ്പ് ജോയിന്റ് ഡയറക്ടർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എന്നിവരടങ്ങുന്ന സമിതി ആഴ്ചയിൽ ഒരിക്കൽ യോഗംചേർന്ന് പ്രവർത്തനങ്ങൾ അവലോകനം ചെയ്യും.

പ്രതിരോധ കുത്തിവെപ്പ്‌, ജനനനിയന്ത്രണത്തിനുള്ള എ.ബി.സി.യിലെ പുരോഗതി ഉൾപ്പെടെയുള്ള കാര്യങ്ങൾ സമിതി പരിശോധിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് പത്രസമ്മേളനത്തിൽ പറഞ്ഞു. വാക്സിനേഷൻ പുരോഗതി, എ.ബി.സി. കേന്ദ്രം സജ്ജമാക്കൽ എന്നിവയുടെ വിവരങ്ങളാണ് നൽകേണ്ടതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ജില്ലാ കളക്ടർമാരുടെയും യോഗത്തിനുശേഷം മന്ത്രി പറഞ്ഞു.

മാലിന്യം തെരുവിൽ വലിച്ചെറിയുന്നത് തടയാൻ ഹോട്ടൽ വ്യാപാരികൾ, അറവുശാല വ്യാപാരികൾ, കല്യാണമണ്ഡപം-ഓഡിറ്റോറിയം നടത്തിപ്പുകാർ, ജനപ്രതിനിധികൾ, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ എന്നിവരുടെ അടിയന്തരയോഗം വിളിക്കും. യോഗതീരുമാനങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കർശനമായി നടപ്പാക്കണം. തെരുവുമാലിന്യം ക്ലീൻ കേരള കമ്പനിവഴി നിർമാർജനം ചെയ്യാനും തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. എം.എൽ.എ.മാരുടെകൂടി പങ്കാളിത്തത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ നിയോജകമണ്ഡലം തലത്തിൽ യോഗംചേർന്ന് പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു. ജില്ലാതലങ്ങളിൽ നോഡൽ ഓഫീസർമാരെ നിയമിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K