14 September, 2022 02:31:03 PM


നിയമസഭാ കൈയാങ്കളി കേസ്: കോടതിയില്‍ കുറ്റം നിഷേധിച്ച് പ്രതികൾ; കേസ് 26 ലേക്ക് മാറ്റി



തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള പ്രതികൾ കുറ്റം നിഷേധിച്ചു. തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹാജറായ പ്രതികള്‍ കുറ്റപത്രം വായിച്ച് കേട്ട ശേഷമാണ് കുറ്റം നിഷേധിച്ചത്. ഇപി ജയരാജൻ അസുഖം കാരണം ഹാജരാകാനാകില്ലെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസ് വീണ്ടും പരിഗണിക്കുമ്പോൾ ഇ പി ജയരാജൻ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കേസ് ഈ മാസം 26 ന് വീണ്ടും പരിഗണിക്കും. വിചാരണ തീയതി ഉൾപ്പെടെ ഉള്ള കാര്യങ്ങള്‍ അന്ന് തീരുമാനിക്കും. 


2015 മാർച്ച് 13ന് ബാർ കോഴക്കേസിൽ പ്രതിയായ കെ എം മാണിയുടെ ബജറ്റ് അവതരണം പ്രതിപക്ഷം തടസപ്പെടുത്തുന്നതിനിടെയാണ് സംഘർഷമുണ്ടായത്. വി ശിവൻകുട്ടി, ഇ പി ജയരാജൻ, കെ ടി ജലീൽ എംഎൽഎ, കെ അജിത്, സി കെ സദാശിവൻ, കെ കുഞ്ഞുമുഹമ്മദ് എന്നിവരാണ് നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികള്‍. അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന പൊതുമുതൽ നശിപ്പിക്കൽ, അതിക്രമിച്ച് കയറൽ, നാശനഷ്ടങ്ങൾ വരുത്തൽ എന്നീ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K