01 October, 2022 02:15:02 PM


ലഹരി വിരുദ്ധ പരിപാടി; പ്രാർത്ഥനയുള്ളവർ കഴിഞ്ഞിട്ട് പങ്കെടുത്താല്‍ മതി - മന്ത്രി



തിരുവനന്തപുരം: ഞായറാഴ്ചത്തെ ലഹരിവിരുദ്ധ പരിപാടിയില്‍ മാറ്റം വരുത്തില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഗാന്ധിജയന്തിദിനത്തിന്റെ പ്രാധാന്യം മനസിലാക്കിയാണ് പരിപാടി സംഘടിപ്പിച്ചത്. ഞായറാഴ്ചയായി പോയത് യാദൃച്ഛികമാണെന്നും എല്ലാവരും പരിപാടിയുമായി സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.

കത്തോലിക്കാ സംഘടനകള്‍ അവരുടെ പ്രാർത്ഥന കഴിഞ്ഞ ശേഷം പരിപാടിയില്‍ പങ്കെടുത്താല്‍ മതി. ഏതെങ്കിലും ഒരു വിദ്യാർത്ഥി ചടങ്ങില്‍ പങ്കെടുത്തില്ലെങ്കില്‍ അത് കുറ്റമായി സര്‍ക്കാര്‍ കാണുന്നില്ല. മറ്റൊരു ദിവസം പരിപാടി നടത്താമെന്നാണ് കത്തോലിക്ക സഭ അറിയിച്ചത്. ഒരു ദിവസം കൊണ്ട് അവസാനിപ്പിക്കുന്നതല്ല ലഹരിവിരുദ്ധ ക്യാംപെയ്ന്‍. ഇന്ന ദിവസം തന്നെ ലഹരിവിരുദ്ധദിനം നടത്തണമെന്ന കാര്യത്തില്‍ സര്‍ക്കാരിന് നിര്‍ബന്ധബുദ്ധിയോ വൈരാഗ്യബുദ്ധിയോ ഇല്ല. ക്യംപെയ്‌നില്‍ പങ്കെടുക്കാത്തത് കൊണ്ട് സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

അതേസമയം, ഞായറാഴ്ച സ്‌കൂള്‍കള്‍ക്ക് അവധിയായിരിക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് കെസിബിസി അറിയിച്ചു. ഞായറാഴ്ചയിലെ ലഹരിവിരുദ്ധ ക്യാംപെയ്ന്‍ മറ്റൊരു ദിവസം നടത്താമെന്ന് ക്രൈസ്തവ സഭാ നേതാക്കള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ഇക്കാര്യത്തില്‍ ക്രൈസ്തവ നേതാക്കളുടെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ മനസിലാക്കുന്നുവെന്നും ലഹരിക്കെതിരായ ക്യാംപെയ്ന്‍ പൊതുവികരാമായി കണക്കാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K