13 October, 2022 09:04:04 PM


എഡിജിപി വിജയ് സാഖറെ കേന്ദ്രത്തിലേക്ക്; ഇനി എൻഐഎയിൽ ഐജി



കൊച്ചി: എഡിജിപി വിജയ് സാഖറെ ദേശീയ അന്വേഷണ ഏജൻസിയിലേക്ക്. ഡപ്യൂട്ടേഷനിലാണ് നിയമനം. സംസ്ഥാനത്തെ ചുമതലകളിൽ നിന്ന് ഇദ്ദേഹത്തിന് വിടുതൽ നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിന് കത്ത് നൽകി. നിലവിൽ കേരളാ പൊലീസിന്‍റെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് വിജയ് സാഖറെ. 

എൻഐഎയിൽ ഇൻസ്പെക്ടർ ജനറലായാണ് വിജയ് സാഖറെയുടെ നിയമനം. ചുമതലയേറ്റെടുക്കുന്ന ദിവസം മുതൽ അഞ്ച് വർഷത്തേക്കാണ് ഇദ്ദേഹത്തെ എൻഐഎയിൽ നിയമിക്കുന്നത്. ആവശ്യമെന്ന് തോന്നിയാൽ കേന്ദ്ര സർക്കാരിന് അതിന് മുൻപ് തന്നെ അദ്ദേഹത്തെ ചുമതലയിൽ നിന്ന് നീക്കാവുന്നതുമാണ്.

1996 കേരള കേഡറിലെ ഐപിഎസ് ഓഫീസറാണ് വിജയ് സാഖറെ. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി പ്രവർത്തിക്കുന്നതിനിടെയായിരുന്നു വിജയ് സാഖറെയെ സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ചത്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്ക് അനുകൂലമായി മൊഴി നൽകണമെന്ന് ആവശ്യപ്പെട്ട് എഡിജിപി തന്നെ ഫോണിൽ വിളിച്ചിരുന്നുവെന്ന സ്വപ്ന സുരേഷിന്‍റെ മൊഴി ഇദ്ദേഹത്തെ വിവാദത്തിലേക്ക് വലിച്ചിട്ടിരുന്നു.

സംസ്ഥാനത്ത് ആലപ്പുഴയിലും പാലക്കാടും അടക്കം നടന്ന രാഷ്ട്രീയ കൊലപാതകങ്ങളടക്കം ക്രമസമാധാന പാലന രംഗത്ത് പൊലീസിനെതിരെ വലിയ ആരോപണങ്ങൾ ഉയർന്ന കാലത്ത് കൂടിയായിരുന്നു അദ്ദേഹം ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പ്രവർത്തിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K