09 December, 2022 12:33:20 AM


മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ആശ്വാസമായി വാണിയംകുളം ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്‍റര്‍



വടക്കഞ്ചേരി: മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ആശ്വാസമായി വാണിയംകുളം ഗ്രാമപഞ്ചായത്തിലെ ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്‍റര്‍.  വാണിയംകുളം ഗ്രാമപഞ്ചായത്ത് പരിധിയിലെ 18 ന് മുകളില്‍ പ്രായമുള്ള ബുദ്ധിപരമായും മാനസികമായും വെല്ലുവിളികള്‍ നേരിടുന്നവരുടെ പകല്‍ പരിപാലനം, സ്വാശ്രയ ജീവിത നൈപുണ്യ പരിശീലനം, തൊഴില്‍ പുനഃരധിവാസ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടാണ് ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. വിദ്യാര്‍ത്ഥികളുടെ അഭിരുചികള്‍ കണ്ടെത്തി പരിശീലനവും വിദ്യാര്‍ത്ഥികള്‍ക്ക് പേപ്പര്‍ ക്രാഫ്റ്റ് പരിശീലനമുള്‍പ്പടെ നല്‍കുന്നുണ്ട്.

നവംബര്‍ ഒന്നിന് പ്രവര്‍ത്തനമാരംഭിച്ച ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ നിലവില്‍ ഏഴ് പേരാണ് പ്രവേശനം നേടിയത്. രാവിലെ 10 മുതല്‍ മൂന്ന് വരെയാണ് പ്രവര്‍ത്തന സമയം. ഒരു അധ്യാപിക, ആയ എന്നിവരാണ് സെന്ററിലുള്ളത്.  ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തിന്റെ 20 ലക്ഷം രൂപ ചെലവഴിച്ചാണ് വാണിയംകുളം പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് കോതയൂരില്‍ കെട്ടിടം നിര്‍മ്മിച്ചത്. വിവിധ പദ്ധതികളിലൂടെ ഗ്രാമപഞ്ചായത്ത് പത്ത് ലക്ഷം ചെലവില്‍ സെന്ററിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി. 2630 ചതുരശ്ര അടിയില്‍ നിര്‍മ്മിച്ച കെട്ടിടത്തില്‍ ഇരുനിലകളിലായി മൂന്ന് ക്ലാസ് മുറികള്‍, അടുക്കള, വര്‍ക്ക് ഏരിയ, ശുചിമുറികള്‍, സ്റ്റോര്‍ റൂം തുടങ്ങിയ സൗകര്യങ്ങളുണ്ട്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K