28 January, 2023 12:08:35 PM


'ഇരുട്ടടി': സംസ്ഥാനത്ത് മേയ് 31 വരെ നാലു മാസത്തേക്ക് വൈദ്യുതി നിരക്ക് കൂടും



തിരുവനന്തപുരം: സംസ്ഥാനത്ത് ഫെബ്രുവരി 1  മുതല്‍ മേയ് 31 വരെ നാലുമാസത്തേക്ക് വൈദ്യുതി നിരക്ക് കൂടും. ഇന്ധന സര്‍ച്ചാര്‍ജ് ഇനത്തില്‍ യൂണിറ്റിന് ഒന്‍പതു പൈസ അധികം ഈടാക്കാനാണ് റെഗുലേറ്ററി കമ്മിഷന്‍ കെഎസ്ഇബിക്ക് അനുമതി നല്‍കിയിരിക്കുന്നത്.

സംസ്ഥാനത്ത് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനാവശ്യമായ  ഇന്ധനത്തിന്റെ വിലവര്‍ധനയിലൂടെയുണ്ടാകുന്ന അധികച്ചെലവ് ഉപഭോക്താക്കളില്‍നിന്ന് ഈടാക്കുന്നതാണ് ഇന്ധന സര്‍ച്ചാര്‍ജ്. 2022 ഏപ്രില്‍മുതല്‍ ജൂണ്‍ വരെ വൈദ്യുതി വാങ്ങാന്‍ അധികം ചെലവായ 87 കോടി രൂപ ഇത്തരത്തില്‍ ഈടാക്കാന്‍ അനുവദിക്കണമെന്നാണ് കെഎസ്ഇബി ആവശ്യപ്പെട്ടത്.

കഴിഞ്ഞ രണ്ടുവര്‍ഷവും സര്‍ച്ചാര്‍ജ് അപേക്ഷകളില്‍ കമ്മിഷന്‍ തീരുമാനമെടുത്തിരുന്നില്ല. കഴിഞ്ഞവര്‍ഷം ജൂണില്‍ 25 പൈസയോളം യൂണിറ്റിന് പൊതുവായി കൂട്ടിയിരുന്നു. ഇതിനു മുന്‍പുള്ള കാലങ്ങളിലെ ഇന്ധന സര്‍ച്ചാര്‍ജ് ഈടാക്കാന്‍ ബോര്‍ഡ് നല്‍കിയ അപേക്ഷകള്‍ ഈ ഉത്തരവിനൊപ്പം കമ്മിഷന്‍ തള്ളിക്കളഞ്ഞു. 2021 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ 18.10 കോടിയും 2022 ജനുവരി മുതല്‍ മാര്‍ച്ചുവരെ 16.05 കോടിയുമാണ് അധികച്ചെലവായി രേഖപ്പെടുത്തിയിരിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K