31 January, 2023 08:22:42 AM


പിണറായിയുടെ വിശ്വസ്ഥൻ, പിന്നെ വിവാദനായകൻ : ശിവശങ്കർ ഇന്ന് വിരമിക്കുന്നു

 

തിരുവനന്തപുരം: പിണറായി സര്‍ക്കാരിലെ പരമോന്നത പദവിയിൽ നിന്ന് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിപ്പട്ടിയിൽ വരെ എത്തി വിവാദച്ചുഴികളിൽ വീണ് പോയ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കര്‍ ഇന്ന് സര്‍വീസിൽ നിന്ന് വിരമിക്കുന്നു. കായിക, യുവജനക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കസേരയിൽ നിന്നാണ് പടിയിറക്കം. ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശിവശങ്കറിന് ഇ.ഡി നോട്ടീസ് നൽകിയിട്ടുണ്ട്.

ഒന്നാം പിണറായി സര്‍ക്കാരിൽ എല്ലാം എം ശിവശങ്കറായിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന സ്വപ്ന പദ്ധതികൾക്ക് പിന്നിലെ മാസ്റ്റര്‍ ബ്രെയിൻ, മുഖ്യമന്ത്രിയുടെ വിശ്വസ്തൻ, എന്തിലും ഏതിലും മുഖ്യമന്ത്രി ഉപദേശം തേടിയും ഏതു വകുപ്പിലും ഇഷ്ടം പോലെ ഇടപെട്ടും നയപരമായ വിഷയങ്ങളിൽ പോലും വളയമില്ലാതെ ചാടിയും കാര്യം നടത്തുന്ന സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കിലെ സൂപ്പര്‍ സെക്രട്ടറി. ആരും പ്രതീക്ഷിക്കാത്ത നേരത്താണ് വിവാദങ്ങൾ എം ശിവശങ്കറിനെ അടിച്ചിടുന്നത്.

സ്പ്രിംഗ്ളർ മുതൽ ബെവ്കോ ആപ്പ് വരെ സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങൾ കത്തിപ്പടര്‍ന്നപ്പോഴെല്ലാം ശിവശങ്കറായിരുന്നു കേന്ദ്രബിന്ദു. പ്രതിപക്ഷത്തിന്റെ പടപ്പുറപ്പാടോ പാര്‍ട്ടിക്കും മുന്നണിക്കും അകത്തുയര്‍ന്ന മുറുമുറുപ്പോ പക്ഷെ മുഖ്യമന്ത്രി കണക്കിലെടുത്തില്ല. പ്രിൻസിപ്പൽ സെക്രട്ടറിയുടെ പങ്ക് പറ്റി സ്വര്‍ണ്ണക്കടത്ത് വിവാദം മുഖ്യമന്ത്രിയുടെ ഓഫീസ് വരെ എത്തിയിട്ടും പിണറായി ശിവശങ്കറിനെ തള്ളിപ്പറഞ്ഞുമില്ല. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിക്ക് അനധികൃത നിയമനം നൽകാൻ ഇടപെട്ടെന്ന കണ്ടെത്തലോടെ സസ്പെൻഷൻ. ഒടുവിൽ വിശ്വസ്തന് വിലങ്ങ് വീണപ്പോൾ മാത്രം മുഖ്യമന്ത്രി പതറി.

എം ശിവശങ്കര്ർ 98 ദിവസം ജയിലിൽ. ജയിൽ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ അശ്വത്ഥാമാവ് വെറും ആന എന്ന പുസ്തകത്തിനെതിരെ സ്വര്‍ണ്ണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വൻ വെളിപ്പെടുത്തലുകൾ. അനുമതിയില്ലാതെ പുസ്തകമെഴുതിയതിന് നടപടി ഉണ്ടായില്ല. ശിവശങ്കര്‍ ഇടപെട്ട കേസുകളിലെല്ലാം മെല്ലെപ്പോക്കെന്നാണ് ആക്ഷേപം, സര്‍വ്വീസിൽ നിന്ന് സ്വയം വിരമിക്കാനുള്ള അപേക്ഷ നിരസിച്ച സര്‍ക്കാര്‍ സെക്രട്ടേറിയറ്റിലേക്കുള്ള രണ്ടാം വരവിൽ ശിവശങ്കറിന് നൽകിയതും ഭേദപ്പെട്ട പരിഗണനയാണ്.

ഏറ്റവും ഒടുവിൽ ലൈഫ് മിഷൻ കോഴക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ നോട്ടീസും കയ്യിൽ പിടിച്ചാണ് എം ശിവശങ്കര്‍ സെക്രട്ടേറിയറ്റിൽ നിന്ന് ഇറങ്ങുന്നത്. അധികാരക്കസേരയിൽ നിന്നിറങ്ങിയാൽ പിന്നെ എഴുതാനും പറയാനും ഏറെയുണ്ടാകും. വരാനിരിക്കുന്നത് നിയമപോരാട്ടങ്ങളുടെ നാളുകളുമാകും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K