03 February, 2023 11:03:08 PM


ബജറ്റ്: സർവ മേഖലയിലും വിലക്കയറ്റത്തിന് വഴിവയ്ക്കുന്നതെന്ന് വിമർശനം



തിരുവനന്തപുരം : സർവ മേഖലയിലും വിലക്കയറ്റത്തിന് വഴിവയ്ക്കുന്നതാണ് ഇന്ധനത്തിന് രണ്ട് രൂപ സെസ് ഈടാക്കിയുള്ള സംസ്ഥാന ബജറ്റ് പ്രഖ്യാപനം. ഇന്ധന വിലക്കയറ്റത്തിൽ കേന്ദ്രം നികുതി കുറച്ചിട്ടും കേരളം കുറവ് വരുത്തിയിരുന്നില്ല. റോഡ് സെസ് എന്ന പേരിൽ ഒരു ശതമാനം പിരിക്കുന്നതിനൊപ്പമാണ് രണ്ട് രൂപ അധിക സെസ് ഏർപ്പെടുത്തിയുള്ള ഇരട്ടി പ്രഹരം.


ഒറ്റ പ്രഖ്യാപനം ഒട്ടനവധി പ്രത്യാഘാതം. ഇതിനോടകം തന്നെ വിവാദമാണ് സംസ്ഥാനത്തെ ഇന്ധനത്തിലെ നികുതി ഘടന. ഇന്ധന വിലയെന്ന എരിതീയിലേക്ക് രണ്ട് രൂപ സെസ് കൂടി ഈടാക്കി എണ്ണയൊഴിക്കുമ്പോൾ സാധാരണക്കാർക്കാണ് പൊള്ളുന്നത്. ഒരു ലിറ്റർ പെട്രോളിന് കേന്ദ്രം ഈടാക്കുന്നത് 19 രൂപ എന്നാൽ സംസ്ഥാനം ഈടാക്കുന്നത് 30 ശതമാനം ഏകദേശം 25 രൂപ. ഒരു ലിറ്റർ പെട്രോളിന് ഒരു രൂപ അഡീഷണൽ ടാക്സും റോഡ് സെസ് എന്ന പേരിൽ കിഫ്ബി വായ്പാ തിരിച്ചടവിന് ഒരു ശതമാനവും ഈടാക്കുന്നു. ഇതിനൊപ്പമാണ് ഇനി മുതൽ സാമൂഹ്യ സുരക്ഷാ സെസ് എന്ന പേരിൽ രണ്ട് രൂപ കൂടി അധികം ഈടാക്കുന്നത്. ഇതോടെ വാറ്റിന് പുറമെ സംസ്ഥാനത്തിന്‍റെ സെസ് മാത്രം മൂന്നര രൂപയോളമാകും. ഡീസലിന് 22.76 ശതമാനമാണ് നികുതിയായി പിരിക്കുന്നത്. ഇതിനൊപ്പം ഒരു രൂപ അധിക നികുതിയും ഒരു ശതമാനം റോഡ് സെസ്സും പിരിക്കുന്നത്. 


ഡീസലിന് രണ്ട് രൂപ അധിക സെസ് കൂടി ഈടാക്കുമ്പോൾ ചരക്ക് ഗതാഗതത്തിൽ ഉയരുന്ന ചെലവ് ഉപ്പുതൊട്ട് കർപ്പൂരം വരയും ബാധിക്കും. ഓട്ടോ റിക്ഷാ, ബസ്, ടാക്സി മേഖലക്കും പുതിയ സെസ് തിരിച്ചടിയാണ്. എണ്ണകമ്പനികൾ നിരക്ക് ഉയർത്തുമ്പോൾ കഴിഞ്ഞ വർഷം കേന്ദ്രം നികുതി കുറച്ചിരുന്നു.ഇതിന് ആനുപാതികമായി കുറവ് സംസ്ഥാന നേരിട്ടെങ്കിലും സ്വന്തം നിലയിൽ നികുതി കുറക്കാൻ സംസ്ഥാനം തയ്യാറിയിരുന്നില്ല.രണ്ടറ്റം കൂട്ടിമുട്ടക്കാൻ നെട്ടോട്ടമോടുന്ന സാധാരണക്കാരന്‍റെ തീരാത്ത പ്രതിസന്ധികൾക്കൊപ്പം ഒരു തീരുവ കൂടി സമ്മാനിച്ച് സർക്കാരും.  


ചെറുകിട വ്യാപാര-വ്യവസായ-സേവന മേഖലകളെ സാരമായി ബാധിക്കും


ഇന്ധന വില വർദ്ധനയും നിത്യ ജീവിത ചെലവേറുന്നതുമായ ബജറ്റ് ചെറുകിട വ്യാപാര-വ്യവസായ-സേവന മേഖലകളെ സാരമായി ബാധിക്കുമെന്നും, സമസ്ത മേഖലയേയും പരിഗണിച്ച ബജറ്റ് റീട്ടെയിൽ വ്യാപാര മേഖലയെ സ്പർശിച്ചില്ലായെന്നും, 2017 ൽ നിർത്തലാക്കിയ വാറ്റ് നികുതി സംബന്ധിച്ച കുടിശ്ശിക തർക്കങ്ങൾ പരിഹരിക്കുവാൻ നിർദേശമില്ലായെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റപ്പെടുത്തി.


കഴിഞ്ഞ ബജറ്റിൽ വിട്ടു പോയതും, സംഘടന ചൂണ്ടികാട്ടിയതിന്‍റെ  അടിസ്ഥാനത്തിൽ തുടർന്നുള്ള ബജറ്റ് ചർച്ചയിൽ ധനമന്ത്രി ചെറുകിട വ്യാപാരികൾക്കുള്ള കോവിഡ് സമാശ്വാസ പദ്ധതിയായി വായ്പാ സബ്സിഡി ഇനത്തിൽ  നിയമസഭയിൽ പ്രഖ്യാപിച്ച 1000 കോടി രൂപയുടെ ആനുകൂല്യം ഒരു വ്യാപാരിക്കും ലഭിച്ചിട്ടില്ല. വാർഷിക വിഹിതം കൃത്യമായി അടച്ച് അംഗത്വം നിലനിർത്തുന്ന വ്യാപാരികളുടെ ക്ഷേമനിധി പെൻഷൻ 1600 രൂപയിൽ നിന്നും 1350 ആക്കി ചുരുക്കിയ നടപടി മാറ്റമില്ലാതെ തുടരുന്നതും അവശതയനുഭവിക്കുന്ന മുതിർന്ന വ്യാപാരികളുടെ പ്രതീക്ഷയ്ക്ക് മങ്ങലേൽപിക്കുന്ന നടപടിയാണ്.


നികുതിയിനത്തിലെ ഏതൊരു വർദ്ധനവും സാധാരണക്കാരന്റെ മാസ കുടുംബ ബജറ്റ് വർദ്ധിക്കും. മിച്ചം വരുന്ന തുച്ഛം തുക മാത്രമാകും  നാട്ടിലെ കച്ചവട സ്ഥാപനത്തിലെത്തുകയുള്ളു. ചെറുകിട വ്യാപാര  മേഖലയിലൂടെ നിരന്തരമൊഴുകി സർക്കാരിന് വൻ തോതിൽ നികുതി പണമായി  പെരുകേണ്ട കറൻസിയിൽ വൻ തോതിൽ കുറവു വരുന്നതും,  സംസ്ഥാനത്തിന്റെ പൊതു വരവിനെ സാരമായി ബാധിക്കും.വ്യാപാരികളുടെ വിഷയങ്ങൾ  ധനമന്ത്രി വളരെ ഗൗരവത്തോടെ കാണുമെന്ന പ്രതീക്ഷയാണ് വ്യാപാരികൾക്കുള്ളതെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് എസ്. എസ്. മനോജ് പറഞ്ഞു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K