05 February, 2023 04:22:01 PM


മിന്നും പ്രകടനങ്ങളുമായി ജമിനി സര്‍ക്കസ് വീണ്ടും അക്ഷരനഗരിയില്‍



കോട്ടയം: നീണ്ട പതിനാല് വര്‍ഷത്തിനുശേഷം മിന്നും പ്രകടനങ്ങളുമായി ജമിനി ഗ്രാന്‍റ് സര്‍ക്കസ് വീണ്ടും അക്ഷരനഗരിയില്‍. കോട്ടയം നാഗമ്പടം മൈതാനിയില്‍ ഇന്നലെ ആരംഭിച്ച സര്‍ക്കസ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ ഭദ്രദീപം തെളിയിച്ചു. 



എല്ലാ ദിവസവും മൂന്ന് ഷോകളാണ് ഉള്ളത്. ഉച്ചകഴിഞ്ഞ് ഒരു മണിക്കും നാല് മണിക്കും ഏഴ് മണിക്കും. 100, 150, 200, 300 എന്നിങ്ങനെ നാല് നിരക്കുകളിലാണ് സീറ്റുകള്‍ ക്രമീകരിച്ചിട്ടുള്ളത്. റിംഗ് ഡാന്‍സ്, ഗ്ലോബ് റൈഡിംഗ്, റിംഗ് ഡാന്‍സ്, വനിതകളുടെ സൈക്കിള്‍അഭ്യാസം,  ഊഞ്ഞാലാട്ടം, റഷ്യന്‍ റിംഗ് അക്രോബാറ്റ് തുടങ്ങി അത്ഭുതങ്ങളുടെയും അഭ്യാസപ്രകടനങ്ങളുടെയും കാണാത്ത കാഴ്ചകളുമായാണ് ജമിനി സര്‍ക്കസ് വീണ്ടും കോട്ടയത്ത് എത്തിയിരിക്കുന്നത്. 



1951ല്‍ കണ്ണൂര്‍ സ്വദേശി എം.വി.ശങ്കരന്‍ തുടങ്ങിവെച്ചതാണ് ജമിനി സര്‍ക്കസ്. അദ്ദേഹത്തിന്‍റെ മകന്‍ അജയ് ശങ്കറാണ് ഇപ്പോള്‍ സര്‍ക്കസിന്‍റെ മേല്‍നോട്ടം വഹിക്കുന്നത്. കോവിഡ് മഹാമാരിയോടെ പ്രവര്‍ത്തനം നിലച്ച സര്‍ക്കസ് കമ്പനി ഏതാനു മാസം മുമ്പാണ് വീണ്ടും സജീവമായത്. ഇതിനുശേഷം കേരളത്തില്‍ മൂന്നാമത്തെ വേദിയാണ് കോട്ടയം. ഇതിന് മുമ്പ് കുന്ദംകുളം, തിരുനാവായ എന്നിവിടങ്ങളിലായിരുന്നു. ജംബോ സര്‍ക്കസ് ജമിനി സര്‍ക്കസിന്‍റെ സഹോദരസ്ഥാപനമാണ്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.3K