19 February, 2023 07:32:27 PM
കറുപ്പിന് വിലക്ക്; മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത വസ്ത്രവും മാസ്ക്കും പാടില്ലെന്ന് നിർദ്ദേശം
![](https://www.kairalynews.com/uploads/page_content_images/kairaly_news_16768155640.jpeg)
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത വസ്ത്രത്തിനും മാസ്ക്കിനും വിലക്ക്. കോഴിക്കോട് മീഞ്ചന്ത ആർട്ട്സ് കോളജിലെ പരിപാടിയിലാണ് കറുത്ത വസ്ത്രം ഒഴിവാക്കാന്‍ കോളജ് അധികൃതർ നിർദേശം നൽകിയത്.
കോളജ് പ്രിൻസിപ്പലാണ് വാക്കാൽ നിർദേശം നൽകിയതെന്നാണ് വിദ്യാർഥികൾ പറയുന്നത്. കോളജിന് സമീപം കനത്ത പൊലീസ് സുരക്ഷ ഒരുക്കി. ഐഡി കാര്‍ഡ് ഉള്ളവരെ മാത്രമാണ് കോളജിന് അകത്തേക്ക് കയറ്റിയത്. എന്നാൽ കറുത്ത വസ്ത്രവുമായി ബന്ധപ്പെട്ട് പൊലീസ് ഇത്തരത്തിലൊരു നിർദ്ദേശം നൽകിയിട്ടില്ലെന്ന് ഉന്നത പൊലീസ് വ്യത്തങ്ങൾ പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നാല് കെഎസ്‌യു, യൂത്ത് ലീഗ് പ്രവര്‍ത്തകരെ പൊലീസ് കരുതല്‍ തടങ്കലില്‍ എടുത്തു. നേരത്തെ, കൊച്ചിയിലും പാലക്കാടും മുഖ്യമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ വച്ചിരുന്നു.