17 June, 2023 06:44:53 PM


തരൂര്‍ കൃഷിഭവന്‍റെ ഞാറ്റുവേല ചന്ത 'ഉര്‍വരം തരൂര്‍' 19, 20 തീയതികളില്‍ അത്തിപ്പൊറ്റയില്‍



ആലത്തൂർ: തിരുവാതിര ഞാറ്റുവേലയില്‍ ഭൂമിയുടെ പ്രത്യേകത അനുസരിച്ച് സ്വന്തമായി നടീല്‍ വസ്തുക്കള്‍ തെരഞ്ഞെടുക്കാന്‍ തരൂര്‍ ഗ്രാമപഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും നേതൃത്വത്തില്‍ തരൂര്‍ ഇക്കോഷോപ്പിന്റെ സഹകരണത്തോടെ ഉര്‍വരം തരൂര്‍ പദ്ധതിയുടെ ഭാഗമായി ജൂണ്‍ 19, 20 തീയതികളില്‍ അത്തിപ്പൊറ്റയില്‍ ഞാറ്റുവേല ചന്ത നടക്കും. 

എല്ലാസമയവും ചക്ക ലഭിക്കുന്ന വിയറ്റ്‌നം ഏര്‍ളി പ്ലാവുകള്‍, തായ്‌ലന്‍ഡ് മാവ്, ഗംഗബോണ്ടം തെങ്ങിന്‍ തൈകള്‍, നാടന്‍ പച്ചക്കറി തൈകളും വിത്തുകളും കൂടാതെ അലങ്കാര പൂച്ചെടികള്‍, ഗ്രോബാഗ്, ജൈവ വളങ്ങള്‍, ജൈവ കീടനാശിനികള്‍, നാടന്‍/ഹൈബ്രിഡ് മാവ്, പ്ലാവ്, തെങ്ങ്, വിദേശ ഇനം ഫല വൃക്ഷതൈകള്‍ എന്നിവ ഞാറ്റുവേല ചന്തയില്‍ ഉണ്ടാകും. ഇതിന്പുറമെ കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനവും വില്‍പനയും ഉണ്ടാകും.

ഞാറ്റുവേല ചന്തയില്‍ പങ്കെടുക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സ്മാം(എസ്.എം.എ.എം) പദ്ധതിയിലൂടെ കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങുന്നതിന് സൗജന്യ രജിസ്ട്രേഷന്‍ ചെയ്തു കൊടുക്കും. അത്തിപ്പൊറ്റ സെന്‍ററില്‍ നടക്കുന്ന പരിപാടി തരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഇ. രമണി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്‍റ് ഐ. ഷക്കീര്‍ അധ്യക്ഷനാകും. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാജശ്രീ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജി. ചെന്താമരാക്ഷന്‍, ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിഷ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മാലിനി, തരൂര്‍ കൃഷി ഓഫീസര്‍ റാണി ആര്‍. ഉണ്ണിത്താന്‍, കൃഷി അസിസ്റ്റന്റ് മഹേഷ് ചിലമ്പത് എന്നിവര്‍ സംസാരിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K