21 June, 2023 01:37:57 PM


പത്തനംതിട്ടയിൽ ഡെങ്കിപ്പനി ബാധിച്ച് യുവതി മരിച്ചു



പത്തനംതിട്ട: പത്തനംതിട്ടയിൽ ഡെങ്കിപ്പനി ബാധിച്ച് യുവതി മരിച്ചു. മുണ്ടുകോട്ടക്കൽ സ്വദേശിനി അഖില (32 )യാണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ഇരിക്കെയാണ് മരണം. 

പനി ബാധിച്ച് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം ഗുരുതരമായതോടെ കഴിഞ്ഞ ദിവസം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സ തുടരുന്നതിനിടയിലാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ മൂന്ന് എലിപ്പനി മരണം റിപ്പോർട്ട് ചെയ്തിരുന്നു.

ഡെങ്കിപ്പനി ശ്രദ്ധിക്കേണ്ടവ

ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടണം. സ്വയം ചികിത്സ പാടില്ല. നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണം. പഴങ്ങൾ കഴിക്കാനും പഴച്ചാറുകൾ കുടിക്കാനും ശ്രദ്ധിക്കണം. പ്ലേറ്റ്ലെറ്റുകൾ താഴ്ന്ന പോകാതെ ശ്രദ്ധിക്കേണ്ടതും വളരെ അത്യാവശ്യമാണ്.

വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം. രോഗം ബാധിച്ചവരെ കൊതുക് വലയ്‌ക്കുള്ളിൽ കിടത്തുക, കൊതുക് നശീകരണം ഉറപ്പാക്കുക, വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കുക, പ്ലാസ്റ്റിക് വലിച്ചെറിയാതിരിക്കുക, സ്വയം ചികിത്സ ഒഴിവാക്കുക എന്നിവയാണ് ആരോഗ്യ വകുപ്പിന്‍റെ നിർദ്ദേശങ്ങൾ.

ലക്ഷണങ്ങൾ

അതികഠിനമായ തലവേദനയും പനിയും ശരീരവേദനയുമൊക്കെയാണ് ഈ രോഗത്തിന്‍റെ ലക്ഷണങ്ങൾ. കൃത്യ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ ജീവൻ വരെ അപകടത്തിലാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഡെങ്കിപ്പനി വൈറസ് ശരീരത്തിനുള്ളിൽ കയറിയാൽ അഞ്ച് മുതൽ എട്ട് ദിവസം എടുത്താണ് രോഗം പുറത്തേക്ക് പ്രകടമാകുന്നത്. ഇതിന്‍റെ പ്രധാന ലക്ഷണങ്ങൾ അതി തീവ്രമായ പനി, കടുത്ത തലവേദന, കണ്ണ് വേദന, കടുത്ത ശരീരവേദന, തൊലിപ്പുറത്ത് ചുവന്ന പാടുകൾ, ഛർദ്ദി എന്നിങ്ങനെയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K