22 June, 2023 05:04:52 PM


വ്യാജരേഖ കേസ്; കെ വിദ്യ രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ



പാലക്കാട്: ഗസ്റ്റ് ലക്ചറര്‍ ആയി ജോലി നേടാൻ മഹാരാജാസ് കോളജിന്‍റെ പേരില്‍ വ്യാജ രേഖയുണ്ടാക്കിയ കേസില്‍ അറസ്റ്റിലായ കെ. വിദ്യയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മണ്ണാര്‍ക്കാട് കോടതിയാണ് രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. അട്ടപ്പാടി സർക്കാർ കോളേജിലെ ഗസ്റ്റ് ലക്ചററായി ജോലിയിൽ കയറാൻ വേണ്ടിയാണ് വ്യാജരേഖയുണ്ടാക്കിയത്.

വ്യാജരേഖ കേസിൽ 15 ദിവസമായി ഒളിവിലായിരുന്ന വിദ്യയെ ഇന്നലെ രാത്രിയാണ് കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂരിലെ സുഹൃത്തിന്‍റെ വീട്ടില്‍ നിന്ന് അഗളി പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യയെ ഇന്ന് മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കിയിരുന്നു. വിദ്യ നല്‍കിയ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 24ന് പരിഗണിക്കാനിരിക്കെയാണ് അറസ്റ്റുണ്ടായത്.

വ്യാജ രേഖ കേസില്‍ അഗളി പൊലീസ് വിദ്യക്കെതിരെ കേസെടുത്തത് ജൂണ്‍ ആറിനായിരുന്നു. ഇതിന് പിന്നാലെ വിദ്യ ഒളിവിൽ പോകുകയായിരുന്നു. അതിനിടെ ഗൂഢാലോചനക്ക് പിന്നില്‍ അട്ടപ്പാടി കോളേജ് പ്രിൻസിപ്പലാണെന്ന് വിദ്യ ആരോപിച്ചിരുന്നു. രാഷ്ട്രീയ വൈരാഗ്യം മൂലം തന്നെ കരുവാക്കുകയായിരുന്നുവെന്നാണ് വിദ്യയുടെ മൊഴി. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്നും മനപൂര്‍വം കേസില്‍ കുടുക്കുകയായിരുന്നുവെന്നും വിദ്യ പറയുന്നു.

അഗളി ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ച വിദ്യയെ ഇന്ന് ഉച്ചയ്ക്ക് മുമ്പായി മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കി. അഗളി പൊലീസും നീലേശ്വരം പൊലീസും രജിസ്റ്റർ ചെയ്ത കേസുകളിൽ വിദ്യ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജികൾ പിന്നീട് പരിഗണിക്കാനായി ഹൈക്കോടതി മാറ്റിയതിന് പിന്നാലെയാണ് വിദ്യയെ പിടികൂടിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K