13 July, 2023 10:33:45 AM


യമുന കര കവിഞ്ഞൊഴുകുന്നു; 200 പേർ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്



ന്യൂഡൽഹി: കനത്ത മഴയിൽ യമുനാ നദി കര കവിഞ്ഞൊഴുകുന്നു. ഇന്ന് രാവിലെ 208.48 മീറ്ററാണ് യമുനയിലെ ജല നിരപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. റെക്കോഡ് ജലനിരപ്പാണിത്. സമീപത്തെ പ്രദേശങ്ങളും റോഡുകളും വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലാണ്. ജല നിരപ്പ് ഇനിയും ഉയർന്നേക്കാമെന്ന് കേന്ദ്ര ജല കമ്മിഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

നദി അപകടകരമാം വിധം നിറഞ്ഞൊഴുകിയതോടെ സമീപത്ത് 144 പ്രഖ്യാപിച്ചിരിക്കുകയാണ് ഡൽഹി പൊലീസ്. പ്രളയ ബാധിത പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. 200 പേർ പ്രളയത്തിൽ കുടുങ്ങിയതായും രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. 

യമുന നദിയിലെ ജല നിരപ്പ് ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കേന്ദ്രത്തിന്‍റെ ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രളയസാഹചര്യത്തിൽ ലഫ്റ്റനന്‍റ് ഗവർണർ വി.കെ. സക്സേന ഡൽഹി ദുരിതാശ്വാസ മാനേജ്മെന്‍റ് അഥോറിറ്റിയുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.

ഹരിയാനയിലെ ഹത്നികുണ്ട് ബാരേജിലൂടെ വെള്ളം ഒഴുക്കി വിടണമെന്ന് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടു ആവശ്യപ്പെട്ടിട്ടുണ്ട്.

യമുനയിൽ അണക്കെട്ടുകൾ ഒന്നുമില്ല. അതു കൊണ്ടു തന്നെ മൺസൂണിൽ നദി കരകവിഞ്ഞൊഴുകുന്നത് സ്വാഭാവികമാണ്. ഡെറാഡൂണിലെ ദാക്പത്താർ, ഹരിയാനയിലെ ഹാത്നികുണ്ഡ് എന്നീ രണ്ട് പ്രധാന ബാരേജുകളാണ് നദിയിലുളളത്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി റെക്കോഡ് നിലയിലാണ് നദിയിലെ ജല നിരപ്പ് ഉയരുന്നത്.

ഞായറാഴ്ച്ച 203.14 മീറ്ററുണ്ടായിരുന്ന ജല നിരപ്പ് തിങ്കളാഴ്ച വൈകിട്ടായപ്പോഴേക്കും 205.4 മീറ്ററും ഇന്ന് രാവിലെ 10 മണിയോടെ 208 മീറ്ററിലെത്തുകയുമായിരുന്നു.

ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് മേഖലകളിൽ വെള്ളി, വ്യാഴം ദിവസങ്ങളിൽ കനത്ത മഴയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. അതു കൊണ്ടു തന്നെ പ്രളയം കൂടുതൽ രൂക്ഷമാകുന്നതിനുള്ള സാധ്യതയും മുന്നോട്ടു വച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ രണ്ടു തവണ യമുനയിലെ ജലനിരപ്പ് 206.38 മീറ്റർ ഉയരത്തിൽ എത്തിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K