20 July, 2023 10:59:19 AM


'ഉമ്മൻ ചാണ്ടി ചത്ത്, ഞങ്ങൾ എന്ത് ചെയ്യണം'; കടുത്ത അധിക്ഷേപവുമായി നടൻ വിനായകൻ



കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചു നടൻ വിനായകൻ. സോഷ്യൽ മീഡിയ ലൈവ് എത്തിയാണ് വിനായകന്‍റെ അധിക്ഷേപം. ആരാണ് ഈ ഉമ്മൻ ചാണ്ടി. അതിന് ഞങ്ങൾ എന്ത് ചെയ്യണം എന്നാണ് ലൈവിലെത്തിയ വിനായകന്‍റെ വാക്കുകൾ.

 'ആരാടാ ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മൻ ചാണ്ടി ചത്ത് അതിന് ഞങ്ങൾ എന്ത് ചെയ്യണം എന്‍റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു.

അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്‍റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലെ ഇയാൾ ആരോക്കെയാണെന്ന്' - വിനായകൻ ലൈവിൽ ചോദിച്ചു.

വിനായകന്‍റെ ലൈവിനു പിന്നാലെ വ്യാപക പ്രതിഷേധമാണ് സമൂഹ മാധ്യമത്തിലൂടെ ഉയരുന്നത്. ഇതിനെ തുടര്‍ന്ന് നടൻ തന്നെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു. ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച നടൻ വിനായകൻ മാപ്പ് പറയണമെന്നും നടനെതിരെ കേസെടുക്കണമെന്നുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യം.

അതേസമയം തിരുവനന്തപുരത്ത് നിന്ന് ഇന്നലെ രാവിലെ ഏഴു മണിക്ക് ആരംഭിച്ച വിലാപയാത്ര 27 മണിക്കൂർ പിന്നിട്ടു. അർധരാത്രിയും പുലർച്ചെയും ആയിരങ്ങൾ ജനനായകനെ കാണാൻ വഴിയരികിൽ കാത്തുനിന്നതോടെ വിലാപയാത്ര മണിക്കൂറുകൾ വൈകി. വിലാപയാത്ര ഇപ്പോൾ കോട്ടയത്തെത്തി. തിരുനക്കരയിലാണ് പൊതുദർശനം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K