24 July, 2023 06:04:08 PM


അനധികൃത മാലിന്യനിക്ഷേപം: 15,000 രൂപ പിഴ ഈടാക്കി തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത്



പാലക്കാട്: പൊതുസ്ഥലങ്ങളില്‍ അനധികൃതമായി മാലിന്യം നിക്ഷേപിച്ച സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ച് തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത്. മൂന്ന് സ്ഥാപനങ്ങള്‍ക്കാണ് 15,000 രൂപ പിഴ അടയ്ക്കാന്‍ പഞ്ചായത്ത് നോട്ടീസ് നല്‍കിയത്. ഇത്തരത്തില്‍ ഒരു വീട് ഉടമസ്ഥനെതിരെയും നടപടി സ്വീകരിച്ചു. ഗ്രാമപഞ്ചായത്തില്‍ മാലിന്യ നിക്ഷേപം തടയുന്നതിന് ഊര്‍ജിത പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കി വരുന്നത്. 

പൊതു ഇടങ്ങളിലെ മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിന് ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിലുള്ള രണ്ട് സ്‌ക്വാഡ് ആഴ്ചയില്‍ ഒരിക്കല്‍ കൃത്യമായി വീടുകളിലും കടകളും റോഡുകളും മറ്റും കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നുണ്ട്. 40 പേരടങ്ങുന്ന ഹരിതകര്‍മ്മ സേനയുടെ നേതൃത്വത്തില്‍ മാലിന്യ ശേഖരണവും നടന്നു വരുന്നുണ്ട്.

ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും ക്യൂ.ആര്‍ കോഡ് പതിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ 75 ശതമാനം യൂസര്‍ ഫീ ലഭിക്കുന്നുണ്ട്. പ്രതിമാസം 2.75 ലക്ഷം രൂപയാണ് ഗ്രാമപഞ്ചായത്തിന് യൂസര്‍ ഫീ ആയി ലഭിക്കുന്നത്. ഇതില്‍ 80 ശതമാനം വേതനമായി ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് നല്‍കുന്നു. മാലിന്യം ശേഖരിക്കുന്ന ദിവസങ്ങളില്‍ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് പ്രതിദിനം 900 രൂപ വരെയും തരംതിരിക്കുന്ന ദിവസങ്ങളില്‍ 350 രൂപയുമാണ് വേതനം. മാലിന്യ സംസ്‌കരണം ഊര്‍ജിതമാക്കുന്നതിന് ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ഗ്രാമപഞ്ചായത്തും കാനറാ ബാങ്കും സംയുക്തമായി പലിശരഹിത വായ്പയില്‍ മൊബൈല്‍ ഫോണും നല്‍കിയിട്ടുണ്ട്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K