27 July, 2023 03:46:15 PM


ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതിയുടെ ജാമ്യാപേക്ഷ തള്ളി



കൊല്ലം: ഡോ. വന്ദന ദാസ് കൊലക്കേസിലെ പ്രതി ജി.സന്ദീപിന്‍റെ ജാമ്യാപേക്ഷ തള്ളി. കൊല്ലം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. മേയ് 10നു പുലര്‍ച്ചെ നാലരയോടെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്കെത്തിച്ച സന്ദീപ് ഹൗസ് സര്‍ജനായിരുന്ന വന്ദനയെ കുത്തിക്കൊലപ്പെടുത്തിയത്. 

ആശുപത്രിയില്‍ വച്ച് കത്രിക കൊണ്ട് പ്രതി ഡോക്ടറെയും പൊലീസുകാരെയുമടക്കം ആക്രമിക്കുകയായിരുന്നു. ഒട്ടേറെ തവണ കുത്തേറ്റ ഡോക്ടര്‍ വന്ദനയെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊല്ലം അസീസിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച് സെന്‍ററിലെ എംബിബിഎസ് പഠനത്തിനു ശേഷമാണ് ഹൗസ് സര്‍ജനായി സേവനമനുഷ്ഠിക്കുകയായിരുന്നു വന്ദന. കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ (കാളിപറമ്പ്) കെ.ജി.മോഹന്‍ദാസിന്‍റെയും വസന്തകുമാരിയുടെയും ഏക മകളാണ്. 

കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വന്ദന ദാസിന്‍റെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും സുരക്ഷാവീഴ്ചകള്‍ പരിശോധിച്ചില്ലെന്നും ഇവര്‍ ഹര്‍ജിയില്‍ വിമര്‍ശിച്ചിരുന്നു.

സംഭവ സമയത്ത് പ്രതി ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന നിര്‍ണായക മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. രക്തം, മൂത്രം എന്നിവയില്‍ മദ്യത്തിന്‍റെയോ ലഹരി വസ്തുക്കളുടെയോ സാന്നിദ്ധ്യമില്ല. പ്രതിക്ക് കാര്യമായ മാനസിക പ്രശ്‌നമില്ലെന്നുമാണ് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയത്. നെടുമ്പന ഗവ. യുപി സ്‌കൂള്‍ അധ്യാപകനായിരുന്നു സന്ദീപ്. കൊലപാതകത്തിന് ശേഷം വെളിയം ചെറുകരക്കോണം സ്വദേശിയായ ഇയാളെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K