29 September, 2023 10:44:55 AM


ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ട സംഭവം; പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ



കൊട്ടാരക്കര:  കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. രണ്ട് എ.എസ്.ഐമാർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആർ നിശാന്തിനി ഉത്തരവിട്ടു.

മേയ് 10-ന് പുലർച്ചെ നാലരയ്ക്ക് പൂയപ്പളളി പൊലീസ് ചികിത്സയ്ക്കായി കൊണ്ടുവന്ന സന്ദീപ് ഹൗസ് സർജനായി ജോലി ചെയ്തിരുന്ന ഡോ. വന്ദനയെ സർജിക്കൽ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരടക്കം അഞ്ചുപേർക്ക് പരിക്കേറ്റിരുന്നു. എ.എസ്.ഐമാരായ ബേബി മോഹൻ, മണിലാൽ എന്നിവർക്കാണ് പരിക്കേറ്റത്. എന്നാൽ ഇവരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച ഉണ്ടായെന്നാണ് ഇപ്പോൾ ഡി.ഐ.ജി കണ്ടെത്തിയിരിക്കുന്നത്.

ആക്രമണത്തിനിടെ പൊലീസുകാർ സ്വയരക്ഷാർത്ഥം ഓടിപ്പോയി. അക്രമാസക്തനായ പ്രതിയെ കീഴ്പ്പെടുത്താനോ വരുതിയിലാക്കാനോ നടപടി എടുത്തില്ല. ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ സ്വന്തം രക്ഷ നോക്കരുതെന്ന ചട്ടം ലംഘിച്ചു. ഓടിപ്പോയത് പൊലീസിന്റെ സത്പേരിന് കളങ്കമായി എന്നിവയാണ് കണ്ടെത്തലുകൾ. പൂയപ്പള്ളി സ്റ്റേഷനിലെ എ.എസ്.ഐ ബേബി മോഹൻ, ആശുപത്രി എയ്ഡ് പോസ്റ്റിലെ എ.എസ്.ഐ മണിലാൽ എന്നിവർക്ക് വീഴ്ച പറ്റിയെന്നാണ് കണ്ടെത്തൽ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K