17 October, 2023 01:47:05 PM
കരുനാഗപ്പള്ളിയില്‍ യുഡിഎഫ് പദയാത്രയിൽ കോൺഗ്രസുകാർ തമ്മിലടി
കൊല്ലം: യുഡിഎഫ് സംഘടിപ്പിച്ച പദയാത്രയിൽ കോൺഗ്രസുകാർ തമ്മിലടി. യുഡിഎഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പദയാത്രയിലാണ് ഗ്രൂപ്പ് തിരിഞ്ഞ് അടി ഉണ്ടായത്. മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധമാണ് സംഘർഷത്തിന് കാരണം.
യുഡിഎഫ് ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യുഡിഎഫ് ചെയർമാൻ ആർ ദേവരാജൻ, മണ്ഡലം പ്രസിഡൻ്റ് ജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പദയാത്ര സംഘടിപ്പിച്ചത്. പദയാത്ര ആലുംകടവിൽ എത്തുന്നതിന് മുമ്പ് തന്നെ ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കം തുടങ്ങിയിരുന്നു. കരുനാഗപ്പള്ളിയിൽ നിലനിൽക്കുന്ന പ്രതിഷേധം ഇതോടെ തെരുവിലെ കയ്യാങ്കളിയിൽ എത്തി.
ജാഥ എത്തിയതോടെ ഇരുചേരികളായി പോർവിളിയും ഉന്തും തള്ളും ആരംഭിച്ചു. കെ സി വേണുഗോപാൽ പക്ഷത്തെ കപ്പത്തൂർ റോയി, അനിൽ കാരമൂട്ടിൽ തുടങ്ങിയവർ ഒരുപക്ഷത്തും മണ്ഡലം പ്രസിഡൻ്റ് ആയിരുന്ന ജയകുമാർ, അമ്പിളി തുടങ്ങിയവർ മറു പക്ഷത്തും അണിനിരന്ന് പരസ്പരം വാക്ക് തർക്കത്തിലും കയ്യാങ്കളിയിലും എത്തുകയായിരുന്നു.