02 August, 2023 01:38:19 PM


സ്പീക്കര്‍ക്ക് ശത്രുസംഹാരാര്‍ച്ചന: വഴിപാട് നടത്തിയത് കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍



കൊല്ലം:  സ്പീക്കറുടെ പരാമർശത്തിനെതിരെയുള്ള എൻഎസ്എസ് പ്രതിഷേധത്തിനിടെ,  സ്പീക്കർ എഎൻ ഷംസീറിന്റെ പേരിൽ ക്ഷേത്രത്തിൽ ശത്രുസംഹാര അർച്ചന. കൊല്ലം ഇടമുളയ്ക്കൽ അസുരമംഗലം എൻഎസ്എസ് കരയോഗം പ്രസിഡന്‍റ് അഞ്ചൽ ജോബാണ് അർച്ചന നടത്തിയത്. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലാണ് അർ‌ച്ചന നടത്തിയത്.

രാഷ്ട്രീയവും സമുദായവും തമ്മിൽ കൂട്ടി കലർത്തുന്നത് ശരിയായ നടപടി അല്ലെന്ന് ജോബ് പറഞ്ഞു. സുകുമാരൻനായരുടെ ആഹ്വാനപ്രകാരം സംസ്ഥാനത്തുടനീളം സ്പീക്കർക്കെതിരെ  പ്രതിഷേധം നടക്കുന്നതിനിടെയാണ് എൻഎസ്എസ് കരയോഗം ഭാരവാഹി സ്പീക്കർക്ക് അനുകൂല നിലപാട് എടുത്തത്.

നായർ സമുദായത്തിൽ ജോലി ഇല്ലാത്ത നിരവധി വിദ്യാഭ്യാസം ഉള്ള ചെറുപ്പക്കാരുണ്ട് അവർക്കു ജോലി വാങ്ങി കൊടുക്കാൻ പ്രവർത്തിക്കുവെന്നും സമുദായത്തിൽ കുടിലുകളിൽ താമസിക്കുന്ന പാവപ്പെട്ട നായന്മാരുണ്ട് അവർക്കി വേണ്ടി പ്രവർത്തിക്കു അല്ലാതെ സമുദായത്തിന്റെ പേരിൽ രാഷ്ട്രീയം കളിച്ചു സമൂഹത്തിൽ സ്പർദ്ധ വളർത്തരുതെന്നും  ജോബ് പറഞ്ഞു.

സ്പീക്കർ എ എൻ ഷംസീറിന്‍റെ പ്രസ്താവനക്കെതിരെ എൻഎസ്എസ് ഇന്ന് സംസ്ഥാനത്തുടനീളം വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കുകയാണ്. പ്രതിഷേധത്തിന്‍റെ ഭാഗമായി സുകുമാരൻ നായർ ചങ്ങനാശേരി ഗണപതി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തുകയും തേങ്ങ ഉടയ്ക്കുകയും ചെയ്തു. കൂടാതെ നാമജപ ഘോഷയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. 

തിരുവനന്തപുരത്തു പാളയം ഗണപതി ക്ഷേത്രം മുതൽ പഴവങ്ങാടി ക്ഷേത്രംവരെയാണ് ഘോഷയാത്ര. മറ്റിടങ്ങളിലും വിശ്വാസ സംരക്ഷണ ദിനം ആചരിക്കാൻ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ താലൂക്ക് യൂണിയനുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വീടിനടുത്തുള്ള ഗണപതി ക്ഷേത്രത്തിലെത്തി വഴിപാട് നടത്താനാണ് നിർദ്ദേശം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K