16 September, 2023 11:06:47 AM


കൊല്ലത്ത് റോഡരികിൽ കിടന്നുറങ്ങിയ യുവാവിന്‍റെ തലയിലൂടെ റോഡ് റോളർ കയറിയിറങ്ങി മരിച്ചു



കൊല്ലം: അഞ്ചലില്‍ റോഡ് റോളര്‍ തലയിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. അലയമണ്‍ കണ്ണംകോട് ചരുവിള വീട്ടില്‍ വിനോദ് (37) ആണ് മരിച്ചത്. റോഡരികില്‍ കിടന്നുറങ്ങുകയായിരുന്ന വിനോദിന്‍റെ തലയിലൂടെ ബൈപ്പാസ് നിര്‍മ്മാണത്തിനെത്തിച്ച റോഡ് റോളര്‍ കയറിയിറങ്ങുകയായിരുന്നു. തയ്യൽ തൊഴിലാളിയായ വിനോദ് അവിവാഹിതനാണ്.

സംഭവ സമയം വിനോദ് മദ്യപിച്ചിരുന്നതായി വിവരമുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ബൈപ്പാസില്‍ തെരുവ് വിളക്കുകള്‍ ഇല്ലാത്തതിനാല്‍ വാഹനത്തിന് മുന്നില്‍ കിടക്കുകയായിരുന്ന വിനോദിനെ കണ്ടിരുന്നില്ല എന്നാണ് റോഡ് റോളര്‍ ഡ്രൈവര്‍ പോലീസിനോട് പറഞ്ഞത്.

സംഭവത്തിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി മൃതദേഹം അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സമീപത്ത് നിന്ന് ലഭിച്ച മൊബൈലില്‍ നിന്നാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. മൃതദേഹം താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K