05 August, 2023 11:34:04 AM


ചെകുത്താനെ വീട്ടിൽ കേറി തോക്ക് ചൂണ്ടി ഭീക്ഷണിപ്പെടുത്തി; നടൻ ബാലക്കെതിരെ കേസ്



കൊച്ചി: യുട്യൂബറെ വീട്ടില്‍ കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ നടന്‍ ബാലക്കെതിരെ പൊലീസ് കേസ് . ചെകുത്താന്‍ എന്ന പേരില്‍ സോഷ്യൽ മീഡിയയിൽ വീഡിയോകൾ ചെയ്യുന്ന അജു അലക്സിനെ നടൻ ബാല റൂമിൽ അതിക്രമിച്ച് കയറി തോക്ക് ചൂണ്ടി ഭീഷണിപെടുത്തി എന്നാണ് പരാതി. 

അജുവിന്‍റെ സുഹൃത്ത് മുഹമ്മദ്‌ അബ്ദുൽ ഖാദര്‍ ആണ് പരാതി നൽകിയത്. അജു അലക്സ് ബാലക്കെതിരെ വീഡിയോ ചെയ്തതിലുള്ള വിരോധമാണ് ഇതിനു പിന്നിൽ എന്നാണ്  എഫ്ഐആറിൽ പറയുന്നത്. ബാലയുടെ കൂടെ ആറാട്ടണ്ണൻ എന്ന് വിളിക്കുന്ന സന്തോഷ് വർക്കിയും ഉണ്ടായിരുന്നു.

നടന്‍ ബാല ഞാന്‍ താമസിക്കുന്ന റൂമില്‍ വന്നു. ഞാന്‍ അവിടെ ഇല്ലായിരുന്നു. അവിടെ താമസിക്കുന്ന എന്‍റെ സുഹൃത്തിനെതിരെ തോക്ക് ചൂണ്ടി. അവനെ ഭീഷണിപ്പെടുത്തി. എന്നെ കൊല്ലുമെന്ന് പറഞ്ഞാണ് പോയിരിക്കുന്നത്. വീട്ടിലുള്ള സാധനങ്ങളൊക്കെ വലിച്ചെറിഞ്ഞു. കൂടെ . ആറാട്ട് അണ്ണന്‍ എന്ന് വിളിക്കുന്ന സന്തോഷ് വര്‍ക്കിയും രണ്ട് ഗുണ്ടകളും ഉണ്ടായിരുന്നുവെന്നും അജു അലക്സ് പറഞ്ഞു. 

സന്തോഷ് വഴി കാണിച്ച് കൊടുക്കാന്‍ വന്നതാണ്. സന്തോഷിന്‍റെ മൊബൈലില്‍ നിന്നാണ് പിന്നീട് ഇവര്‍ വിളിക്കുന്നത്. സന്തോഷ് ഇപ്പോഴും അവരുടെ കൈയിലാണെന്ന് തോന്നുന്നു. കഴിഞ്ഞ ദിവസം ആറാട്ടണ്ണനെ കൊണ്ട് മാപ്പ് പറയിക്കുന്ന ഒരു വീഡിയോ ബാല പോസ്റ്റ് ചെയ്തിരുന്നു. അതിനെക്കുറിച്ച് ഒരു ട്രോള്‍ വീഡിയോ ഇട്ടിരുന്നു. ആ വീഡിയോ ഡിലീറ്റ് ചെയ്യണമെന്ന് പറഞ്ഞാണ് ബാല ഇപ്പോൾ ഈ കയ്യാങ്കളിയൊക്കെ കാണിക്കുന്നത്" എന്നും അജു അലക്സ് വിശദീകരിച്ചു.

എന്നാൽ ബാലയും തന്‍റെ പ്രവര്‍ത്തിയെക്കുറിച്ച് സോഷ്യല്‍ മീഡിയയിൽ വിശദീകരിച്ചിട്ടുണ്ട്. അജു അലക്സ് വീഡിയോകളില്‍ ഉപയോഗിക്കുന്ന മോശം ഭാഷയ്ക്കെതിരായ തന്‍റെ പ്രതികരണമാണ് ഇതെന്നാണ് ബാല പറയുന്നത്. അജുവിന്‍റെ മുറിയില്‍ എത്തിയ തന്‍റെ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ ബാല പങ്കുവച്ചിട്ടുണ്ട്. നിങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ പോകും എന്ന് അറിഞ്ഞ് തന്നെയാണ് വീഡിയോ എടുത്തത്. "ചെറിയ കുട്ടികളെ ഓര്‍ത്ത് നിങ്ങളുടെ നാവ് കുറച്ച് കുറയ്ക്കൂ. ഇത് മുന്നറിയിപ്പ് അല്ല, തീരുമാനമാണ്", എന്നും ബാല വീഡിയോയില്‍ പറയുന്നു.

വിമര്‍ശിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ ചീത്ത വാക്കുകള്‍ ഉപയോ​ഗിക്കാന്‍ പാടില്ലെന്നും ഇതോടെ നിര്‍ത്തിക്കോളാന്‍ പറയണമെന്നും ബാല അജുവിന്‍റെ മുറിയില്‍ ഉണ്ടായിരുന്ന സുഹൃത്തിനോട് പറയുന്നതും വീഡിയോയില്‍ ഉണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K