16 August, 2023 04:25:20 PM


സ്ത്രീകളോട് മോശമായി പെരുമാറി; അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ



ആലുവ: എറണാകുളം രാമമംഗലത്ത് സ്ത്രീകളെ കടന്നു പിടിച്ചെന്ന പരാതിയിൽ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പരീതിനെതിരെയാണ് നടപടി. ‌സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന വകുപ്പ് ചുമത്തി പരീതിനെ അറസ്റ്റ് ചെയ്തിരുന്നു.

സ്ത്രീകളോട് അപമര്യാദയായി പെരുമാറി, ലൈംഗിക ചുവയോടെ കടന്നുപിടിക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനയിൽ പരീത് മദ്യലഹരിയിലായിരുന്നു എന്നും കണ്ടെത്തി. 

ആലുവ റൂറൽ എസ്‌ പിക്ക് നൽകിയ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പരീതിനെ സസ്‌പെൻഡ് ചെയ്തു. പരീതിന്‍റെ ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകൻ ബൈജുവിനെയും ഡ്യൂട്ടി സമയം മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് സസ്‌പെന്‍റ് ചെയ്തു..

അരീക്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയ സ്ത്രീകളോടാണ് പൊലീസുകാരൻ അപമര്യാദയായി പെരുമാറിയത്. യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നാട്ടുകാർ തടഞ്ഞുവച്ച പ്രതിയെ രാമമംഗലം പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വെള്ളച്ചാട്ടം കാണാനെത്തിയ മറ്റു സ്ത്രീകളോടും പ്രതി മോശമായി പെരുമാറിയിരുന്നു. ഇത് പരാതി കൊടുത്ത സ്ത്രീകൾ കണ്ടിരുന്നു. പിന്നീടാണ് ഇവർക്കു നേരെയും മോശം പെരുമാറ്റമുണ്ടായത്. ഇതോടെയാണ് ഇവർ പ്രതികരിച്ചത്. ആദ്യം പൊലീസിൽ പരാതി നൽകിയെങ്കിലും ഒത്തു തീർപ്പിനാണ് പൊലീസുകാർ ശ്രമിച്ചതെന്ന ആരോപണവും ഉയരുന്നുണ്ട്. പക്ഷേ യുവതികൾ പരാതിയിൽ ഉറച്ചുനിൽക്കുകയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K