25 October, 2023 02:10:44 AM


സുപ്രീംകോടതി ജഡ്ജി നിയമന ശുപാർശകളിൽ കേന്ദ്രസർക്കാർ തീരുമാനം വൈകിയേക്കും



ന്യൂഡൽഹി: സുപ്രീംകോടതി കൊളീജിയം രണ്ടാമതും നൽകിയ ജഡ്ജി നിയമന ശുപാർശകളിൽ കേന്ദ്രസർക്കാർ തീരുമാനം വൈകിയേക്കും. ജഡ്ജി നിയമനത്തിനുള്ള പരിഷ്കരിച്ച നടപടിക്രമങ്ങൾക്ക് അന്തിമരൂപം നൽകിയ ശേഷം നിയമന ശുപാർശയിൽ തീരുമാനമെടുത്താൽ മതിയെന്നാണ് തീരുമാനം. ജഡ്ജി നിയമനം വൈകുന്നതിനെതിരായ ഹർജികൾ നവംബർ ഏഴിന് പരിഗണിക്കുമ്പോൾ കേന്ദ്രത്തിന്റെ നിലപാട് സുപ്രീംകോടതിയെ അറിയിക്കും.

സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിനുള്ള നടപടിക്രമങ്ങളുടെ പരിഷ്കരിച്ച രൂപം സുപ്രീംകോടതി കൊളീജിയത്തിന്റെ പരിഗണനയിലാണ്. ഏഴ് വർഷം മുമ്പാണ് നടപടിക്രമങ്ങളുടെ പരിഷ്കരിച്ച കരട് കേന്ദ്രം സുപ്രീം കോടതിക്ക് കൈമാറിയത്. ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നതിൽ കേന്ദ്ര സർക്കാരിനുകൂടി പങ്കാളിത്തം നൽകുന്ന ഈ കരടിനോട് സുപ്രീംകോടതി കൊളീജിയത്തിന് വിയോജിപ്പാണ്. അതിനാലാണ് കൊളീജിയം തീരുമാനം വൈകുന്നത്.

ഇതിനിടയിൽ, ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട കൊളീജിയം തീരുമാനം വൈകുന്നതിൽ കേന്ദ്ര സർക്കാരിനെ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വിമർശിച്ചിരുന്നു. രണ്ടാമതും ശുപാർശ ചെയ്യുന്ന പേരുകളിൽ കേന്ദ്രത്തിന്റെ തീരുമാനം വൈകുന്നതിലായിരുന്നു പ്രധാന വിമർശനം. എന്നാൽ, ജഡ്ജി നിയമനത്തിനുള്ള പരിഷ്കരിച്ച നടപടിക്രമങ്ങൾക്ക് അന്തിമരൂപം നൽകിയ ശേഷം നിയമന ശുപാർശയിൽ തീരുമാനം എടുത്താൽ മതിയെന്ന നിലപാടിലാണ് കേന്ദ്രം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K