20 January, 2024 03:06:52 PM


വൈക്കത്തെ പാടശേഖരങ്ങളിൽ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ: നിർമാണോദ്ഘാടനം നാളെ

പദ്ധതി ചിലവ് അഞ്ചുകോടി രൂപ

 

വൈക്കം: നിയോജകമണ്ഡലത്തിലുൾപ്പെട്ട തലയാഴം, കല്ലറ ഗ്രാമപഞ്ചായത്തുകളിലെ സി.കെ.എൻ, കളപ്പുരയ്ക്കൽ കരി, മുണ്ടാർ-5 എന്നീ പാടശേഖരങ്ങളിൽ അഞ്ചുകോടി രൂപ മുടക്കുന്ന വിവിധ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം നാളെ. ഉച്ചകഴിഞ്ഞു രണ്ടുമണിക്കു തലയാഴം വാഴക്കാട് ഭഗത്സിംഗ് കലാവേദിയിൽ നടക്കുന്ന പരിപാടിയിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിർവഹിക്കും. സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും.

നെൽകൃഷിക്കാവശ്യമായ സൂഷ്മ മൂലകങ്ങൾ കാർഷിക ഡ്രോണുപയോഗിച്ച് തളിക്കുന്നതിന്റെ പ്രദർശനവും നടക്കും. പമ്പ് ഹൗസ് നിർമ്മാണം, സ്ലൂയിസ് നിർമ്മാണം, പുറംബണ്ട് സംരക്ഷിക്കുന്നതിന് ആവശ്യമായി പാടശേഖരങ്ങളിലെ നിലവിലെ കൽക്കെട്ട് ഉയരം കൂട്ടൽ, പുതിയ പുറംബണ്ട് നിർമ്മാണം, വാച്ചാൽ സംരക്ഷണം, വി.സി.ബി. നിർമ്മാണം, കല്ലറ കൃഷിഭവനിലെ വിവിധ പാടശേഖരങ്ങളിലെ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എന്നീ പദ്ധതികളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് ഇന്ന് തുടക്കം കുറിയ്ക്കുന്നത്. നബാർഡിന്റെ ഗ്രാമീണ അടിസ്ഥാനസൗകര്യവികസനപദ്ധതിയിലുൾപ്പെടുത്തിയാണ് അഞ്ച് കോടി രൂപ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നത്.

പദ്ധതികളുടെ പൂർത്തീകരണത്തിലൂടെ വിരിപ്പ് കൃഷി സാധ്യമാവുകയും നിലവിലെ നെൽകൃഷിയിൽ  നിന്ന് ലഭ്യമാകുന്ന ഉത്പ്പാദനം ഇരട്ടിയാക്കാനുമാകും. കാർഷിക യന്ത്രങ്ങൾ, നെല്ല്, വളം എന്നിവ സമയബന്ധിതമായി പാടശേഖരങ്ങളിലേക്ക് എത്തിക്കാനാവും. ബണ്ടുകൾ ബലപ്പെടുത്തുന്നതിലൂടെ മടവീഴ്ചയിൽ നിന്ന് ശാശ്വത പരിഹാരം ലഭ്യമാകും. വി.സി.ബി. നിർമ്മാണത്തിലൂടെ കൃത്യമായ ജലസേചന ജലനിർഗമന പ്രവർത്തനങ്ങൾ സമയബന്ധിതവും കാര്യക്ഷമവുമായി നടപ്പാക്കാനാവും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K