05 February, 2024 07:09:17 PM
തൃക്കൊടിത്താനത്ത് മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമം; ഒരാൾ അറസ്റ്റിൽ
തൃക്കൊടിത്താനം: മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം പാടത്തുംകുഴി ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ ഉണ്ണി എന്ന് വിളിക്കുന്ന ജയരാജ് (39) എന്നയാളെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് ഡിസംബർ മാസം പന്ത്രണ്ടാം തീയതി വൈകിട്ട് 4:30 മണിയോടുകൂടി തൃക്കൊടിത്താനം മടുക്കത്താനം സ്വദേശിയായ മധ്യവയസ്കനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
കോട്ടമുറി ഭാഗത്തുള്ള കള്ള് ഷാപ്പിൽ വച്ചാണ് ഇയാളും,സുഹൃത്തുക്കളും ചേർന്ന് ക്രിക്കറ്റ് ബാറ്റും, ഇരുമ്പ് പൈപ്പും മറ്റും ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇവരും മധ്യവയസ്കനും തമ്മിൽ പണമിടപാടിന്‍റെ പേരിൽ മുൻ വിരോധം നിലനിന്നിരുന്നു. ഇതിന്‍റെ തുടർച്ചയെന്നോണമാണ് ഇയാളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. തുടർന്ന് ഇവർ സംഭവസ്ഥലത്ത് നിന്ന് കടന്നു കളയുകയും ചെയ്തു.
പരാതിയെ തുടർന്ന് തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. തൃക്കൊടിത്താനം സ്റ്റേഷൻ എസ്.എച്ച്.ഓ അനൂപ്.ജി, എ.എസ്.ഐ ഗിരീഷ്, സി.പി.ഓ മാരായ മണികണ്ഠൻ, വിനീഷ് മോൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മറ്റ് പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി.