22 February, 2024 06:50:41 PM
ചങ്ങനാശ്ശേരിയില്‍ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 2 പേർ അറസ്റ്റിൽ
ചങ്ങനാശ്ശേരി : യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി എ.സി കോളനി വട്ടപ്പറമ്പിൽ വീട്ടിൽ ശ്രീജിത്ത് (42), എ.സി കോളനി ആശാരിപ്പറമ്പ് വീട്ടിൽ വിനിറ്റ് രാജു (27) എന്നിവരെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞദിവസം രാത്രി 10.00 മണിയോടുകൂടി മാമൂട് കണിച്ചുകുളം സ്വദേശികളായ യുവാക്കളെ കമ്പിവടികൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. യുവാക്കൾ ഇരുവരും ബൈക്കിൽ വരുന്ന സമയം എ.സി റോഡിൽ കെ.ബി.സി പമ്പിനു മുൻവശം വെച്ച് ഇവർ സഞ്ചരിച്ചിരുന്ന മോട്ടോർസൈക്കിൾ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ഇവർക്ക് യുവാക്കളോട് മുൻവിരോധം നിലനിന്നിരുന്നു ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ ആക്രമിച്ചത്. സംഭവത്തിനുശേഷം ഇവർ സ്ഥലത്ത് നിന്ന് കടന്നു കളയുകയും ചെയ്തു.
പരാതിയെ തുടര്‍ന്നു ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും,ഇവരെ പിടികൂടുകയുമായിരുന്നു. ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.എച്ച്.ഓ ബി.വിനോദ് കുമാർ, എസ്.ഐ ജയകൃഷ്ണൻ എം, സി.പി.ഓ മാരായ തോമസ് സ്റ്റാൻലി, അനിൽകുമാർ ബി, ബിജു പി, അതുൽ കെ മുരളി എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.