27 July, 2024 07:12:14 PM
യുവതിയെയും സഹോദരനെയും ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
കറുകച്ചാൽ : യുവതിയെയും സഹോദരനെയും ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ ചിറക്കുന്ന് ഭാഗത്ത് പുതിയിടത്ത് കരിമ്പുങ്കൽ വീട്ടിൽ ശ്രീജിത്ത് എസ്.പിള്ള (32) എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം വൈകിട്ട് 6.30 മണിയോടുകൂടി കറുകച്ചാല്‍ സ്വദേശിനിയായ യുവതിയും സഹോദരനും സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ, കറുകച്ചാൽ വടക്കേറാട്ടു ഭാഗത്ത് വച്ച് ശ്രീജിത്തിന്റെ കാർ ഇടിപ്പിക്കുകയായിരുന്നു. ഇതിൽ സഹോദരന് പരിക്ക് പറ്റിയതിനെ തുടർന്ന് യുവതി ഇത് ചോദ്യം ചെയ്യുകയും, ഇതിനെ തുടർന്ന് ഇയാൾ യുവതിയെയും സഹോദരനെയും ചീത്തവിളിക്കുകയും സഹോദരനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനെ തടഞ്ഞ യുവതിയെ ഇയാൾ ആക്രമിക്കുകയുമായിരുന്നു. ഇയാളുടെ വിവാഹ ആലോചന യുവതി നിരസിച്ചതിൽ ഇയാൾക്ക് യുവതിയോട് മുൻ വിരോധം നിലനിന്നിരുന്നു. പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. കറുകച്ചാൽ സ്റ്റേഷൻ എസ്.ഐ വിജയകുമാർ, സി.പി.ഓ മാരായ ശിവപ്രസാദ്, ഡെന്നി ചെറിയാൻ, ലിജോ സക്കറിയ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.