30 July, 2024 08:49:20 AM


വയനാട് ഉരുള്‍പൊട്ടല്‍; സോഷ്യല്‍ മീഡിയയിലൂടെ തെറ്റായ വാര്‍ത്തകള്‍ നൽകരുത്- മന്ത്രി കെ രാജൻ



കൽപ്പറ്റ: വയനാട് ഉരുൾപ്പൊട്ടലിൽ പ്രതികരിച്ച് റവന്യൂ മന്ത്രി കെ രാജൻ. കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. കിട്ടാനുള്ള എല്ലാ സൗകര്യങ്ങളും ഉപയോ​ഗിക്കുന്നുണ്ട്. എത്ര കുടുംബങ്ങൾ അപകടത്തിൽപ്പെട്ടുവെന്നും എത്ര കുടുംബങ്ങൾ ഒറ്റപ്പെട്ടു എന്നതിൻ്റെ കൃത്യമായ കണക്ക് ഈ സാഹചര്യത്തിൽ പ്രസിദ്ധീകരിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു. ആളുകളെ പാനിക്കാക്കുന്ന രീതിയിലുള്ള വാർത്തകൾ നൽകരുത്. പിആർഡി വഴി നേരിട്ട് അതത് സമയത്ത് വിവരങ്ങൾ അറിയിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

പരമാവധി സംഘത്തെ ഏകോപിപ്പിച്ച് കൊണ്ട് സുരക്ഷാ സംവിധാനങ്ങൾ പുരോ​ഗമിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ നടക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. എൻഡിആ‍ർഎഫിൻ്റെ ഒരു സംഘം സംഭവ സ്ഥലത്തുണ്ട്. മറ്റൊരു സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മൂന്നാമത് ഒരു സംഘത്തെ കൂടി അയക്കാൻ കഴിയുമോ എന്ന കാര്യം ആലോചിക്കുന്നുണ്ട്. ഡിഫൻസ് സെക്യൂരിറ്റി കോപ്സിൻ്റെ രണ്ട് യൂണിറ്റുകൾ സംഭവ സ്ഥലത്തേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. എയർഫോഴ്സുമായി ബന്ധപ്പെട്ട സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. റോപ്പ് ഉപയോ​ഗിച്ച് കടക്കാൻ സാധിക്കുമോ എന്ന് സൈന്യത്തോട് ചോദിച്ചിട്ടുണ്ട്. കൂടുതൽ സാധ്യതകളെ കുറിച്ച് എംഎൽയുമായി സംസാരിച്ചിട്ടുണ്ട്.

എയർലിഫ്റ്റിനായുള്ള പ്രവർത്തനങ്ങൾക്ക് ജില്ലാ കളക്ടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. എയർലിഫ്റ്റ് ഉപയോ​ഗിച്ചാൽ മുകളിൽ നിന്നുള്ള ദൃശ്യങ്ങൾ കൂടി ലഭ്യമാകും. ഏഴ്മണിയ്ക്ക് സുളൂരിൽ നിന്ന് എയർഫോഴ്സിൻൻ്റെ രണ്ട് സംഘം പുറപ്പെട്ടു. അഡ്വാൻസ്ഡ് ലൈഫ് ഹെലികോപ്റ്റർ എന്ന് പറയാവുന്ന ചെറിയ ഹെലികോപ്റ്ററും എംവൺ സെവൻ്റീൻ എന്ന ചെറിയതുമാണ്. കൽപ്പറ്റയിലെ എസ്കെഎംജെ സ്കൂളിൽ ഇറക്കാനുള്ള സൗകര്യം ഒരുക്കുകയാണ്. റവന്യു ഉദ്യോ​ഗസ്ഥർ പോയി സ്ഥലം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അവിടെ ഇറക്കാനായാൽ ചെറിയ സമയം കൊണ്ട് അവിടെയെത്താൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K