11 February, 2026 12:58:20 PM


നിങ്ങൾ ഒരു അഭിഭാഷക അല്ലേ? അതിജീവിതയെ അധിക്ഷേപിച്ച ദീപ ജോസഫിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം



ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച അഭിഭാഷക ദീപ ജോസഫിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. ദീപ ജോസഫ് ഒരു വനിതാ അഭിഭാഷകയല്ലേ എന്നും എന്തിനാണ് ഇത്തരം ഭാഷ ഉപയോഗിക്കുന്നത് എന്നും കോടതി ചോദിച്ചു. എന്തിനാണ് അതിജീവിതയുടെ വിവരങ്ങള്‍ പൊതു ഇടങ്ങളില്‍ വെളിപ്പെടുത്തിയതെന്നും സുപ്രീംകോടതി ദീപ ജോസഫിനോട് പറഞ്ഞു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു വിമർശനം.

അഭിഭാഷക ഉപയോഗിച്ച വാക്കുകളില്‍ ഞെട്ടലുണ്ടായി എന്നാണ് സുപ്രീംകോടതി പറഞ്ഞത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകയായാണ് താങ്കള്‍ പെരുമാറുന്നത്. അതിജീവിതയുടെ ഭര്‍ത്താവ് അഭിഭാഷകനോട് പറഞ്ഞ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ എഴുതുന്നത് പ്രൊഫഷണല്‍ സമീപനമാണോയെന്നും കോടതി ചോദിച്ചു. പിന്നാലെ ഹർജിയിൽ ഇടപെടാനില്ലെന്നും ഹൈക്കോടതിയെ സമീപിക്കാനും സുപ്രീംകോടതി നിർദേശിച്ചു.

ഇത്തരത്തിൽ ചെയ്തത് ഒരു പുരുഷനായിരുന്നുവെങ്കില്‍ അറസ്റ്റിന് ഉത്തരവിടുമായിരുന്നു എന്നും സ്ത്രീയെന്ന പരിഗണന നൽകുകയാണ് എന്നും പറഞ്ഞാണ് ദീപ ജോസഫിനോട് ഹൈക്കോടതിയെ സമീപിക്കാൻ പറഞ്ഞത്. ഹര്‍ജി പരിഗണിക്കാന്‍ മതിയായ കാരണം ഇല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. രാജ്യത്ത് ഡിജിറ്റലൈസേഷന്‍ നടപ്പാക്കിയ ആധുനിക കോടതിയാണ് കേരള ഹൈക്കോടതിയെന്നും ദില്ലിയിലിരുന്ന് തന്നെ കേരള ഹൈക്കോടതിയെ സമീപിക്കാമെന്നും വിമർശിച്ചു. എന്നാൽ അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന ഒന്നും പോസ്റ്റിലില്ലെന്നും കുറ്റം ചെയ്തുവെങ്കില്‍ പ്രൊസിക്യൂഷന്‍ നടപടി നേരിടാമെന്നുമായിരുന്നു അഡ്വ. ദീപ ജോസഫിന്റെ മറുപടി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 940