22 August, 2024 08:43:29 AM


ചങ്ങനാശ്ശേരിയില്‍ എംഡിഎംഎയുമായി രണ്ടു യുവാക്കൾ പിടിയില്‍

 


ചങ്ങനാശ്ശേരി: വില്‍പ്പനക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി രണ്ട് യുവാക്കളെ  പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി റെയിൽവേ ഹൗസിംഗ് ബോർഡ് ഭാഗത്ത് തോപ്പിൽ താഴ്ചയിൽ വീട്ടിൽ  അഖിൽ ടി.എസ് (24), ചങ്ങനാശ്ശേരി പുഴവാത് കൊട്ടാരമ്പലം ഭാഗത്ത് കൊട്ടാരച്ചിറ പുഴവാത് വീട്ടിൽ അമ്പാടി ബിജു (23) എന്നിവരെയാണ്  ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, ചങ്ങനാശ്ശേരി  പോലീസും ചേർന്ന് പിടികൂടിയത്. ഇവർ ചങ്ങനാശ്ശേരി പെരുന്ന കോളേജിന് സമീപം  വിൽപ്പനയ്ക്കായി  എംഡിഎംഎ യുമായി എത്തുന്നുണ്ടെന്ന് പോലീസിന് രഹസ്യവിവരം കിട്ടിയതനുസരിച്ച് ഇന്ന് രാവിലെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും , ചങ്ങനാശ്ശേരി പോലീസും നടത്തിയ പരിശോധനയിലാണ് ചങ്ങനാശ്ശേരി പെരുന്ന കോളേജിന് സമീപത്ത് വച്ച്  ഇവർ ഇരുവരെയും എം.ഡി.എം എ യുമായി പിടികൂടുന്നത്.  ഇവരിൽ നിന്നും 20.90 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. ബണ്ണിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവരില്‍ നിന്നും എം.ഡി.എം.എ കണ്ടെത്തിയത്. ചങ്ങനാശ്ശേരി   സ്റ്റേഷൻ എസ്.ഐ സന്തോഷ്, എ.എസ്.ഐ മാരായ രഞ്ജിവ് ദാസ്, അംബിക കെ.എൻ ,സുരേഷ്  ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. ഈ കേസിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K