21 November, 2024 09:45:46 AM


ഫാ. ജയിംസ് മുല്ലശേരിയുടെ പൗരോഹിത്യ രജത ജൂബിലി ആഘോഷം ഇന്ന് ചങ്ങനാശ്ശേരിയില്‍



ചങ്ങനാശ്ശേരി: മാന്നാനം കെ ഇ സ്കൂൾ പ്രിൻസിപ്പലും അസോസിയേഷൻ ഓഫ് സ്കൂൾ ഫോർ ഓൾ ഇന്ത്യൻ കൗൺസിലിന്‍റെ നാഷണൽ പ്രസിഡന്റുമായ ഫാ. ഡോ. ജയിംസ് മുല്ലശേരിയുടെ പൗരോഹിത്യ രജത ജൂബിലി ആഘോഷം ഇന്ന് ചങ്ങനാശ്ശേരി വടക്കേക്കര സെന്‍റ് മേരീസ് ഇടവക ദേവാലയത്തിൽ നടക്കും. മുല്ലശേരിൽ കുടുംബകൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തുന്ന ജൂബിലി ആഘോഷം ഉച്ച കഴിഞ്ഞ് 3.00 ന്  ജൂബിലേറിയന്‍റെ പ്രധാന കാർമികത്വത്തിൽ നടക്കുന്ന ദിവ്യ ബലിയോട് കൂടി ആരംഭിക്കും. 

4.30 ന് നടക്കുന്ന അനുമോദന യോഗം ചങ്ങനാശ്ശേരി അതിരൂപത മെത്രാപൊലീത്ത മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്യും. സി എം ഐ സഭയുടെ തിരുവനന്തപുരം പ്രൊവിൻഷ്യാൾ ഫാ. ആന്റണി ഇളംതോട്ടം അധ്യക്ഷത വഹിക്കും. സി എം ഐ സഭയുടെ വികാർ ജനറാൾ ഫാ ജോസി താമരശ്ശേരി മുഖ്യപ്രഭാഷണവും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസി അനുഗ്രഹപ്രഭാഷണവും നടത്തും. 

ഫാ മാണി പുതിയിടം, ഫാ മൈക്കിൾ വെട്ടികാട്ട്, ഫാ ജോസഫ് മുണ്ടകത്തില്‍, ഫാ സോണി പാലാത്ര, വൈക്കം വിശ്വൻ, എം എൽ എമാരായ ഡോ എൻ ജയരാജ്‌, തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ്, ജോബ് മൈക്കിൾ, നവജീവൻ ട്രസ്റ്റ്‌ ചെയർമാൻ തോമസ് തുടങ്ങി സാമൂഹിക രാഷ്ട്രീയ മത നേതാക്കൾ പങ്കെടുക്കും.

ആഘോഷ പരിപാടികൾക്ക് വികാരി ഫാ ജോബി മൂലയിൽ, സഹോദരൻ ഫിലിപ്പ് മുല്ലശേരി (റെജി), കുടുംബകൂട്ടായ്മാ പ്രസിഡന്റ് ജോയിച്ചൻ മുല്ലശേരി, റജി ആന്റണി മുല്ലശേരി, സാജൻ ആന്റണി മുല്ലശേരി, മോനിച്ചൻ മുല്ലശേരി, ലൗലിച്ചൻ മുല്ലശേരി തുടങ്ങിയവർ  നേതൃത്വം നൽകും.  

കടന്നു വന്ന വഴികളില്‍

ഗ്രന്ഥകാരൻ, കവി, ചിന്തകൻ, വിദ്യാഭ്യാസ വിദഗ്ധൻ എന്നീ നിലകളിൽ അറിയപ്പെടുന്ന ഫാ. ജയിംസ് മുല്ലശേരി ചങ്ങനാശ്ശേരി ചെത്തിപ്പുഴ വടക്കേക്കര മുല്ലശേരിയിൽ പരേതനായ ദേവസ്യ തോമസ് - ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്. വാഴപ്പള്ളി സെന്റ് തെരേസാസ് സ്കൂൾ, ചങ്ങനാശ്ശേരി എസ് ബി ഹൈസ്കൂൾ, മാന്നാനം കെ ഈ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 

1985ൽ ചെത്തിപ്പുഴ സെമിനാരിയിൽ ചേർന്നു. 2000 ജനുവരി ഒന്നിന് സിഎംഎ വൈദികനായി അഭിഷിക്തനായി. ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലിനോപ്പമാണ് പൗരോഹിത്യം സ്വീകരിച്ചത്. വടക്കേക്കര ഇടവകയിൽ നിന്ന് ഫാ സോണി പാലാത്ര, ഫാ ലൂക്കാ ചവറ എന്നിവരും ഇദ്ദേഹത്തോടൊപ്പം പൗരോഹിത്യം സ്വീകരിച്ചിരുന്നു. തുടർന്ന് ചെത്തിപ്പുഴ തിരു ഹൃദയ ദേവാലയത്തിലെ സഹ വികാരിയായി പൗരോഹിത്യ ജീവിതം ആരംഭിച്ചു.

കൊൽക്കത്തയിലെ കെ ഇ കാർമൽ സ്കൂൾ അഡ്മിനിസ്ട്രേറ്റർ, പുളിങ്കുന്ന് സെന്റ് ജോസഫ്സ് എച്ച് എസ് എസ് അധ്യാപകൻ, ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാ വിഹാർ പ്രിൻസിപ്പൽ എന്നീ നിലകളിൽ പ്രവർത്തിച്ചു. 2011 മുതൽ മാന്നാനം കെ ഇ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പലാണ്. 2012ൽ ഇംഗ്ലീഷ് സാഹിത്യത്തിൽ പിഎച്ച്ഡി നേടി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K