31 July, 2025 09:32:46 AM
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് യുവ ഡോക്ടര്‍; വേടനെതിരെ കേസ്

കൊച്ചി: ഹിരൺദാസ് മുരളി എന്ന റാപ്പര്‍ വേടനെതിരെ ബലാത്സംഗ കേസ്. യുവ ഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് 31കാരിയുടെ പരാതി. വ്യാഴാഴ്ച പുലർച്ചെയാണ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമം 376 (2) (N) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് വേടനുമായി സൗഹൃദം ആരംഭിച്ചതെന്നും പരിചയത്തിനൊടുവില്‍ കോഴിക്കോട്ടെ ഫ്ലാറ്റിൽ വെച്ച് വേടന്‍ ബലാത്സംഗം ചെയ്തുവെന്നുമാണ് ഡോക്ടറുടെ മൊഴി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പിന്നീട് പലയിടത്തുംവെച്ച് വേടന്‍ പീഡിപ്പിച്ചുവെന്നും യുവതി മൊഴി നല്‍കി. പലപ്പോഴായി പണം വാങ്ങിയിരുന്നുവെന്നും ഇതിന്റെ രേഖകള്‍ കൈയിലുണ്ടെന്നും പരാതിയില്‍ പറയുന്നു. ഭാരതീയ ന്യായസംഹിത നിലവിൽ വരുന്നതിന് മുമ്പ് നടന്ന സംഭവമായതിനാലാണ് ഐപിസി പ്രകാരം കേസെടുത്തത്.