29 January, 2026 01:18:09 PM
റോഡപകടത്തില്‍പ്പെട്ടവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ; ആരോഗ്യ മേഖലയിലും വൻ പ്രഖ്യാപനങ്ങൾ

തിരുവനന്തപുരം: റോഡപകടത്തില്‍പ്പെട്ട് ചികിത്സ തേടുന്നവര്‍ക്ക് ആദ്യത്തെ അഞ്ച് ദിവസം സൗജന്യ ചികിത്സയുള്‍പ്പെടെ ആരോഗ്യമേഖലയിലും ബജറ്റില്‍ കാര്യമായ പ്രഖ്യാപനങ്ങള്‍. ഫെബ്രുവരി ഒന്ന് മുതല്‍ മെഡിസെപ്പ് 2.0 നടപ്പാക്കും. ഇതുവഴി ആനുകൂല്യങ്ങള്‍ ലഭ്യമാക്കും. കാന്‍സര്‍-കുഷ്ഠ-എയ്ഡ്‌സ് -ക്ഷയ ബാധിതരുടെ പെന്‍ഷനില്‍ 1,000 രൂപയുടെ വര്‍ധനവ്. പുതിയ മെഡിക്കല്‍ കോളേജുകള്‍ക്കായി 57 കോടി രൂപ അടക്കമുള്ള പ്രഖ്യാപനങ്ങളാണ് ആരോഗ്യമേഖലയ്ക്കായുള്ള ബജറ്റിലെ പ്രഖ്യാപനങ്ങള്‍.
കാരുണ്യ പദ്ധതിക്കായി 900 കോടി രൂപ വകയിരുത്തി. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 200 കോടിയുടെ വര്‍ധനവാണിത്. വയോധികര്‍ക്കായി ന്യൂമോണിയ പ്രതിരോധ വാക്‌സിനായി 50 കോടി വകയിരുത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സര്‍ജിക്കല്‍ റോബോട്ടിനായി 12 കോടി വകയിരുത്തി.
കാൻസർ ചികിത്സയ്ക്കായി ആകെ 203 കോടിയാണ് വകയിരുത്തിയത്. മലബാര്‍ കാന്‍സര്‍ സെന്ററിന് 50 കോടിയും
കൊച്ചി കാൻസർ സെന്ററിന് 30 കോടിയുംആര്‍സിസിയ്ക്ക് 90 കോടിയും വകയിരുത്തി. മെഡിക്കല്‍ കോളേജിലെ കാൻസർ ചികിത്സയ്ക്ക് 30 കോടി വകയിരുത്തി. ജില്ലാ താലൂക്ക് ആശുപത്രികള്‍ക്ക് 3 കോടിയും ഔഷധിയ്ക്ക് 2.3 കോടിയും പ്രഖ്യാപിച്ചു. ആര്‍ദ്രം മിഷന്‍ രണ്ടാം ഘട്ടം - 70.92 കോടി പ്രഖ്യാപിച്ചു.
മെഡിക്കല്‍ കോളേജുകളിലെ മാലിന്യ സംസ്‌കരണത്തിന് 22 കോടി, പകര്‍ച്ച വ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് 12 കോടി, സാംക്രമിക രോഗ പ്രതിരോധത്തിന് 13 കോടി, നാഷണല്‍ ഹെല്‍ത്ത് മിഷന് 465.20 കോടി രൂപയുടെ സംസ്ഥാന വിഹിതം എന്നിവയും പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസ് പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു. ഇതിനായി 15 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. പദ്ധതി നടപ്പാക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് സുസജ്ജമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്രിതര്‍ക്കുമായി ഏര്‍പ്പെടുത്തിയിട്ടുള്ള മെഡിസെപ് മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ രണ്ടാം ഘട്ടം ഫെബ്രുവരി ഒന്ന് മുതല്‍ നടപ്പിലാക്കുമെന്നും കെ.എൻ. ബാലഗോപാൽ പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍വീസ് – കുടുംബ പെന്‍ഷന്‍കാര്‍, യൂണിവേഴ്സിറ്റികളിലെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയും ജീവനക്കാരും പെന്‍ഷന്‍കാരും, അവരുടെ ആശ്രിതരും ഉള്‍പ്പെടെ നിലവിലുള്ളവരെല്ലാം പുതുക്കിയ പദ്ധതിയുടെയും ഗുണഭോക്താക്കളായിരിക്കുമെന്നും കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. വര്‍ഷം അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഉറപ്പാക്കുന്നതാണ് പുതുക്കിയ പദ്ധതി. അടിസ്ഥാന ഇന്‍ഷൂറന്‍സ് പരിരക്ഷ മൂന്നുലക്ഷം രൂപയില്‍നിന്ന് അഞ്ചുലക്ഷം രൂപയായി രണ്ടാം ഘട്ടത്തില്‍ ഉയര്‍ത്തിയിട്ടുണ്ട്.
കേരളത്തിലെ ശിശുമരണ നിരക്ക് അമേരിക്കയേക്കാള്‍ കുറവാണെന്നും ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി പറഞ്ഞു. സാമ്പിള്‍ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ടിലാണ് വികസിത രാജ്യങ്ങളേക്കാള്‍ കുറവ് ശിശുമരണ നിരക്കാണ് കേരളത്തിലേതെന്ന് വ്യക്തമാക്കിയത്. ശിശുമരണ നിരക്കില്‍ ദേശീയ ശരാശരിയേക്കാള്‍ മുന്നിലാണ് കേരളം. കേരളത്തിലെ ശിശു മരണ നിരക്ക് അഞ്ച് ആണെങ്കില്‍ ദേശീയ തലത്തില്‍ ഇത് 25 ആണ്. അമേരിക്കയില്‍ 5.6 ആണ് ശിശുമരണ നിരക്ക്. രാജ്യത്ത് ഗ്രാമീണ മേഖലകളില്‍ ശിശുമരണനിരക്ക് 28 ഉം നഗരമേഖലകളില്‍ 19 ഉം ആണെന്ന് സാമ്പിള്‍ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍, കേരളത്തില്‍ ഗ്രാമ-നഗര വ്യത്യാസമില്ലാതെ ശിശുമരണനിരക്ക് അഞ്ചായി നിലനിര്‍ത്താന്‍ കഴിഞ്ഞെന്നും ധനമന്ത്രി.





