11 January, 2026 07:35:21 AM
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്റ്റിൽ; നടപടി തിരുവല്ല സ്വദേശിനിയുടെ പരാതിയിൽ

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്റ്റിൽ. ഇന്നു പുലർച്ചെ പാലക്കാട്ടെ ഹോട്ടൽ മുറിയിൽ നിന്നും പോലീസ് കസ്റ്റഡിയിൽ എടുത്തു അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടർന്ന് പത്തനംതിട്ട എ ആർ ക്യാമ്പിൽ എത്തിച്ചു. രാഹുലിനെതിരായ കേസുകൾ അന്വേഷിക്കുന്ന ജി പുങ്കുഴലി ഐപിഎസിൻ്റ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ ആരംഭിച്ചിട്ടുണ്ട്.
പാലക്കാട് മണപ്പുള്ളിക്കാവിലെ ഫ്ലാറ്റ് ഒഴിഞ്ഞ ശേഷം കെപിഎം റീജൻസിയിലായിരുന്നു രാഹുലിൻ്റെ താമസം. രാഹുലിൻ്റെ ഫോൺ പിടിച്ചെടുത്തിട്ടുണ്ട്. രാഹുലിനെ കസ്റ്റഡിയിലെടുക്കുമ്പോൾ സഹായി മറ്റൊരു മുറിയിലായിരുന്നു. രാഹുലിനെ എവിടേക്കാണു കൊണ്ടുപോയതെന്ന് അറിയില്ലെന്ന് എംഎൽഎയുടെ അഭിഭാഷകൻ പറഞ്ഞു. ഡിവൈഎസ്പി അടക്കം 7 അംഗ പോലീസ് സംഘമെത്തിയാണ് എം എൽ എയെ കസ്റ്റഡിയിൽ എടുത്തത്.
ഇപ്പോൾ കാനഡയിൽ താമസമുള്ള തിരുവല്ല സ്വദേശി യുവതി മെയിൽ വഴി അയച്ച പുതിയ പരാതിയിലാണ് കസ്റ്റഡിയിലെടുത്തതെന്നാണു സൂചന. ഇവരിൽ നിന്നും വിഡിയോ കോൺഫ്രൻസ് വഴി മൊഴി രേഖപ്പെടുത്തിയ ശേഷം വളരെ രഹസ്യമായിട്ടായിരുന്നു പോലീസ് നീക്കം. താൻ സമൂഹമാധ്യമത്തിലൂടെയാണ് രാഹുലിനെ പരിചയപ്പെട്ടത് എന്ന് യുവതി പറഞ്ഞു. തൻ്റെ കൈയ്യിൽ നിന്നും പണവും, വിലയേറിയ വസ്തുക്കളും സ്വീകരിച്ചിട്ടുണ്ട് എന്ന് യുവതി മൊഴി നൽകി.
തന്നെ കാണണമെന്ന് പറഞ്ഞപ്പോൾ റസ്റ്റൊറെൻ്റ് തിരഞ്ഞെടുക്കാതെ രാഹുൽ ഹോട്ടൽ മുറി തിരഞ്ഞെടുത്തു. റൂമിൽ എത്തിയപ്പോൾ കുഞ്ഞ് ഉണ്ടാകട്ടെ എന്ന് പറഞ്ഞ് കടന്ന് ആക്രമിക്കുകയായിരുന്നു. ഗർഭിണി എന്നറിഞ്ഞപ്പോൾ തന്നോട് ദേഷ്യത്തോട് പെരുമാറി. കുട്ടി മറ്റാരുടെ എങ്കിലും ആകുമെന്ന് ആക്ഷേപിച്ചപ്പോൾ താൻ ഡിഎൻഎ ടെസ്റ്റ് നടത്തി. ഗർഭം അലസിപോയി എങ്കിലും തെളിവുകൾ സൂക്ഷിച്ചിരുന്നുവെന്നും യുവതി മൊഴിനൽകി. രാഹുലിനെ ഇന്നു തന്നെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും.







